എസ്.എഫ്.ഐ ആരെയും കൊന്നിട്ടില്ല, അവർ ശരിക്കും ഇരകളാണ്: മന്ത്രി തോമസ് ഐസക്ക്

Sunday 14 July 2019 5:48 PM IST

തിരുവനന്തപുരം: എസ്.എഫ്.ഐ വിദ്യാർത്ഥി സംഘടന എല്ലായിടത്തും ആക്രമണം നടത്തുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. എസ്.എഫ്‌.ഐ ഇന്നുവരെ ആരെയും കൊല ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എസ്.എഫ്.ഐയുടെ നിരവധി കുട്ടികൾക്ക് സംഘടനാ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായിട്ടുണ്ടെന്നും സത്യത്തിൽ എസ്.എഫ്.ഐ ഇരകളുടെ വിഭാഗത്തിലാണ് പെടുന്നതെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

എന്നാൽ യൂണിവേഴ്സിറ്റി കോളേജിലെ സംഘടനാ വിഭാഗം ഇതിന് അപവാദമാണെന്നും തോമസ് ഐസക്ക് പറഞ്ഞു.യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായ സംഭവം എസ്.എഫ്.ഐയുടെ സമീപനത്തിന് വിരുദ്ധമാണ്.സംഘടനയുടെ നയങ്ങളിലും സമീപനങ്ങളിലും മാറ്റം വരുത്തണം. തിരുത്തൽ നടത്തി തന്നെ മുന്നോട്ട് പോകണം.മന്ത്രി കൂട്ടിചേ‌ർത്തു.

അതിനിടെ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എം.എ ബേബിയും യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി. കോളേജിലെ ഒറ്റ സംഘടന എന്ന സമീപനം മുട്ടാളത്തമാണെന്നും, എസ്.എഫ്.ഐയുടെ വേഷം കെട്ടി നടക്കുന്നവർ സംഘടനയ്ക്ക് നാണക്കേട്‌ വരുത്തി വച്ചുവെന്നും എം.എ ബേബി പ്രതികരിച്ചു. സംഘടനാ കാര്യങ്ങളിൽ എല്ലാ രീതിയിലും തിരുത്തൽ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.