വധക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ കൂട്ടാളികൾ മർദ്ദിച്ചു
ബാലരാമപുരം: വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേരെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാപള്ളി പ്ലാവിള പുത്തൻവീട്ടിൽ വിഘ്നേഷ് (23), എരുത്താവൂർ അനീഷ് ഭവനിൽ അരുൺ (25), ആലുവിള സൗമ്യഭവനിൽ അരുൺരാജ് (35) എന്നിവരാണ് അറസ്റ്റിലായത്.
ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് വിളപ്പിൽശാല എസ്.എച്ച്.ഒ സുരേഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. വധശ്രമക്കേസിലെ പ്രതി ആദർശ് മുടവൂർപ്പാറ ജംഗ്ഷനിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വിളപ്പിൽശാല എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടാനെത്തിയപ്പോഴായിരുന്നു ആക്രമണം. ആദർശിനെ പിടിക്കുമോയെന്ന് ആക്രോശിച്ച് മുടവൂർപ്പാറയിൽ തട്ടുകടയിൽ ആഹാരം കഴിച്ചുകൊണ്ടിരുന്ന സംഘം ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. അരുൺ, അജിത്ത് എന്നീ പൊലിസുകാർക്ക് അക്രമികളുടെ മർദ്ദനമേറ്റു. ഇതിനിടെ ആദർശും കൂട്ടാളി അരുണും പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. പൊലീസ് സംഘം സംഭവസ്ഥലത്ത് വച്ചുതന്നെ വിഘ്നേഷ്, അരുൺരാജ് എന്നിവരെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. കേസിലെ മൂന്നാം പ്രതി ഇട്ടു എന്ന് വിളിക്കുന്ന അരുണിനെ ഇന്നലെ രാവിലെ 11 മണിയോടെ കരമനയ്ക്ക് സമീപത്തു നിന്നു പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.