ഞങ്ങളെ തനിച്ചാക്കി പോയല്ലോ ഉമ്മാ... അനാഥരായി റാഹിയയും ഹാൻഷായും

Wednesday 20 September 2023 1:27 AM IST

കല്ലമ്പലം : ഞങ്ങളെ തനിച്ചാക്കി പോയല്ലോ ഉമ്മാ.. അരുമ മക്കളുടെ രോദനം കണ്ടു നിന്നവരുടെ കണ്ണുകളെപ്പോലും ഈറനണിയിച്ചു. പാരിപ്പള്ളിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത തോടെ അനാഥരായ റാഹിയയുടെയും റെയ് ഹാൻഷായുടെയും ദുഃഖം നാടിന്റെ നൊമ്പരമായി.

കടമ്പാട്ടുകോണം എസ്.കെ.വി.എച്ച് എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് റാഹിയ.ഒമ്പാതാം ക്ലാസിലാണ് റെയ് ഹാൻഷാ.

നാവായിക്കുളം കെട്ടിടംമുക്ക് കോണത്ത് ചരുവിള പുത്തൻവീട്ടിൽ നദീറയെ (36) കൊലപ്പെടുത്തിയ ശേഷം ഭർത്താവ് റഹിം (50) കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ നടന്ന സംഭവം സ്കൂളിലായിരുന്ന കുട്ടികളെ അറിയിച്ചിരുന്നില്ല. രാവിലെ മുത്തം നൽകി സ്കൂളിലേക്ക് യാത്രയാക്കിയ ഉമ്മ നൽകിയത് അന്ത്യ ചുംബനമായി മാറുകയായിരുന്നു.

പോസ്റ്റ്മോർട്ടത്തിനുശേഷം നാവായിക്കുളം കെട്ടിടംമുക്ക് ജംഗ്ഷനിലെ വാടക വീട്ടിൽ മൃതദേഹം ഇന്നലെ രാവിലെ എത്തിച്ചപ്പോഴാണ് ദുഃഖം അണപൊട്ടിയത്. മൃതദേഹത്തിനരികിൽ പലതും പറഞ്ഞ് പൊട്ടിക്കരഞ്ഞ മക്കളെ ഏറെ പണിപ്പെട്ടാണ് ആശ്വസിപ്പിച്ചത്‌. സംസ്ക്കാരത്തിനു മുമ്പുള്ള പ്രാർത്ഥനയിൽ പങ്കെടുത്ത കുട്ടികൾ ഉമ്മയ്ക്ക് യാത്രാമൊഴി ചൊല്ലി. ഉച്ചയോടെ പുന്നോട് ജുമാ മസ്ജിദിൽ ഖബറടക്കി.

മാതാവിന്റെ സ്ഥലം കർണാടകയിലെ കുടകിലാണ്. അവിടെയുള്ള ബന്ധുക്കളെ വിവരം അറിയിച്ചശേഷമാണ് മൃതദേഹം മറവ് ചെയ്തത്. കഴിഞ്ഞ ദിവസം പി.ടി.എ പ്രസിഡന്റിന്റെ വീട്ടിലാണ് കുട്ടികളെ താമസിപ്പിച്ചിരുന്നത്. കുട്ടികളെ സ്വീകരിക്കാൻ ബന്ധുക്കൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ ചൈൽഡ് ലൈൻ ഏറ്റെടുക്കാമെന്ന് അറിയിച്ചതായി സ്കൂൾ അധികൃതർ പറഞ്ഞു. പഠിക്കാൻ മിടുക്കരായ കുട്ടികളെ കുറിച്ച് പറയുമ്പോൾ അദ്ധ്യാപകരും കണ്ണീരൊഴുക്കുകയാണ്.

തിങ്കളാഴ്ച രാവിലെ 9ന് പാരിപ്പള്ളിയിലെ അക്ഷയ സെന്ററിലാണ് സംഭവം. ജീവനക്കാരിയായ നദീറയെ അക്ഷയ സെന്ററിൽ കയറി തീകൊളുത്തി കൊലപ്പെടുത്തിയശേഷം റഹീം കഴുത്തറുത്ത് പാരിപ്പള്ളിക്ക് സമീപമുള്ള കിണറ്റിൽ ചാടി മരിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ റഹിം ഭാര്യയെ ആക്രമിച്ച കേസിൽ അടുത്ത സമയത്ത് റിമാൻഡിൽ ആയിരുന്നു. സംഭവത്തിനു മൂന്നു ദിവസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. ജയിലിലാക്കിയതിന്റെ പകയാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു.