ബിയർ ചോദിച്ചിട്ട് കൊടുത്തില്ല,അയൽവാസിയെ ഗുരുതരമായി കുത്തി പരിക്കേൽപ്പിച്ച 'കൊച്ചുമോൻ' ഒടുവിൽ പിടിയിൽ
കിളിമാനൂർ: ബിയർ ചോദിച്ചിട്ട് നൽകാത്തതിന് അയൽവാസിയായ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പുളിമാത്ത് പയറ്റിങ്ങാക്കുഴി തെക്കുംകര പുത്തൻ വീട്ടിൽ കൊച്ചുമോൻ എന്നു വിളിക്കുന്ന ബിനു രാജിനെ(45) ആണ് കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആറോടെ പുളിമാത്ത് പയറ്റിങ്ങാകുഴി ജംഗ്ഷനിലായിരുന്നു സംഭവം. പയറ്റിങ്ങാക്കുഴി സ്വദേശി അജയമോന്റെ കൈവശമിരുന്ന ബിയർ തനിക്ക് വേണമെന്ന് ബിനുരാജ് ആവശ്യപ്പെട്ടു. എന്നാൽ ബിയർ നൽകാതായതോടെ ബിനുരാജ് അസഭ്യം വിളിച്ചുകൊണ്ട് ഇടുപ്പിൽ കരുതിയിരുന്ന കത്തിയെടുത്ത് അജയമോന്റെ തലയിലും കഴുത്തിലും കുത്തുകയായിരുന്നു. കുത്ത് വലതു കൈ കൊണ്ട് അജയമോൻ തടയാൻ ശ്രമിക്കവേ ആഴത്തിൽ കൈക്ക് പരിക്കേറ്റു. തുടർന്ന് ശശീരമാസകലം കുത്തി പരിക്കേല്പിച്ചു. ഗുരുതര പരിക്കേറ്റ ബിനുരാജിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.
റൂറൽ എസ്.പി ഡി. ശില്പയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാറിന്റെ നേതൃത്വത്തിൽ സി.ഐ ബി. ജയൻ എസ്.ഐ വിജിത്ത് കെ. നായർ,രാജി കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.