ഭാര്യയുടെ പ്രസവം കാണാൻ ലേബർ റൂമിൽ കയറി; പിന്നാലെ ഭർത്താവ് ഓടിയത് കോടതിയിലേക്ക്, 5000 കോടി നഷ്ടപരിഹാരം വേണം
മെൽബൺ: ഭാര്യയുടെ പ്രസവ ശസ്ത്രക്രിയ നേരിൽ കണ്ട് മാനസികനില തകരാറിലായെന്ന പേരിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭർത്താവ്. ശസ്ത്രക്രിയയിലൂടെ ഭാര്യ കുഞ്ഞിന് ജന്മം നൽകുന്നത് നേരിൽ കണ്ടതാണ് യുവാവിന്റെ മാനസികനില തകരാറിലാകാൻ കാരണമെന്നാണ് ആരോപണം. ഇന്ത്യൻ വംശജനായ അനിൽ കൊപ്പുളയാണ് 643 മില്യൺ ഡോളർ (5000 കോടി രൂപ) നഷ്ടപരിഹാരം തേടി ഓസ്‌ട്രേലിയയിലെ കോടതിയെ സമീപിച്ചത്.
2018ലാണ് മെൽബണിലെ റോയൽ വിമൻസ് ആശുപത്രിയിൽ വച്ച് അനിലിന്റെ ഭാര്യയുടെ പ്രസവം നടന്നത്. പ്രസവം കാണാൻ ആശുപത്രി അധികൃതർ തന്നെ പ്രത്സാഹിപ്പിക്കുകയും അനുമതി നൽകുകയും ചെയ്തതായി അനിൽ പറഞ്ഞു. ഭാര്യ കുഞ്ഞിന് ജന്മം നൽകി വർഷങ്ങൾക്ക് ശേഷമാണ് അനിൽ വിക്‌ടോറിയയിലെ കോടതിയെ സമീപിച്ചത്. ശസ്ത്രക്രിയയുടെ സമയത്ത് ഭാര്യയുടെ ആന്തരിക അവയവങ്ങളും രക്തവും കണ്ടതോടെ മാനസികനില വഷളായെന്നും തന്റെ ദാമ്പത്യജീവിതം തകരാൻ പോലും ഇത് കാരണമായെന്നും അനിൽ പരാതിയിൽ പറയുന്നു. എന്നാൽ, ആശുപത്രി അധികൃതർ അനിലിന്റെ വാദം നിഷേധിച്ചു.
കോടതിയും അനിലിന്റെ ആരോപണങ്ങൾ നിരസിച്ചു. പരാതിക്കാരന് പരിക്കുകളും സാമ്പത്തിക നഷ്ടവും സംഭവിച്ചിട്ടില്ല. അതിനാൽ തന്നെ അദ്ദേഹത്തിന് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നും ജഡ്‌ജി പറഞ്ഞു.