രജനികാന്തിന്റെ നായികയായി മഞ്ജു വാര്യർ

Thursday 21 September 2023 1:23 AM IST

രജനികാന്ത് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ നായിക. രജനികാന്തും മഞ്ജു വാര്യരും ലോകേഷ് കനകരാജും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ ഒന്നിന് തിരുവനന്തപുരത്ത് ആരംഭിക്കും. 15 ദിവസത്തെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് പ്ളാൻ ചെയ്യുന്നത്. വെള്ളായണി കാർഷിക കോളേജ് ചിത്രത്തിന്റെ ലൊക്കേഷനുകളിലൊന്നാണ്. തിരുവനന്തപുരത്തെ ചിത്രീകരണത്തിനുശേഷം ചെന്നൈയിലേക്ക് ഷിഫ്ട് ചെയ്യും. റാണ ദഗുബാട്ടി ആണ് മറ്റൊരു പ്രധാന താരം. വൻതാരനിരയിൽ ഒരുങ്ങുന്ന തലൈവർ 171 എന്ന് താത്കാലികമായി പേരിട്ട ചിത്രം സൺപിക്ചേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ നിർവഹിക്കുന്നു. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായ അൻപറിവാണ് സംഘട്ടന സംവിധാനം ഒരുക്കുന്നത്. അതേസമയം അപ്രതീക്ഷിതമായി ആഴ്ചകൾക്ക് മുൻപായിരുന്നു രജനികാന്ത് - ലോകേഷ് കനകരാജ് ചിത്രത്തിന്റെ പ്രഖ്യാപനം . രജനികാന്തും ലോകേഷ് കനകരാജും ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. വിക്രത്തിനുശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോ ഒക്ടോബർ 19ന് റിലീസ് ചെയ്യും. ലോകേഷ് യൂണിവേഴ്സൽ ആയി ഒരുങ്ങുന്ന ലിയോയിൽ തൃഷ ആണ് നായിക. മലയാളത്തിൽനിന്ന് മാത്യു തോമസ്, ബാബു ആന്റണി എന്നിവരുടെ സാന്നിദ്ധ്യവുമുണ്ട്.