ഓണം ബമ്പർ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി തർക്കം, കൊല്ലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

Wednesday 20 September 2023 7:01 PM IST

കൊല്ലം: ലോട്ടറി ടിക്കറ്റ് സംബന്ധിച്ചുണ്ടായ ത‌ർക്കത്തിന് പിന്നാലെ സുഹൃത്തിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. തേവലക്കര സ്വദേശിയായ ദേവദാസാണ്(42) മരിച്ചത്. കൃത്യം ചെയ്‌ത ഇയാളുടെ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.

തിരുവോണം ബമ്പർ ടിക്കറ്റ് ദേവദാസ് എടുത്തിരുന്നു. ഇത് അജിത്തിന്റെ പക്കൽ സൂക്ഷിക്കാനായി നൽകി. നറുക്കെടുപ്പ് സമയത്തിന് മുൻപ് ഈ ടിക്കറ്റ് തിരികെ ചോദിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. വെട്ടേറ്റ് രക്തംവാർന്ന് ദേവദാസ് മരിച്ചു. സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. മരംവെട്ട് തൊഴിലാളികളാണ് ദേവദാസും അജിത്തും.

റെക്കോഡ് വിൽപന നടന്ന ഇത്തവണത്തെ ഓണം ബമ്പർ ഭാഗ്യക്കുറി വിൽപനയിൽ വിജയിയായത് തമിഴ്‌നാട്ടിൽ കോയമ്പത്തൂർ ജില്ലയിലെ നടരാജനാണ്. കോഴിക്കോട് പാളയത്തെ ബാവ ലോട്ടറി ഏജൻസി വാളയാറിൽ വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്.