മോദി സർക്കാരിനിത് ചരിത്ര നിമിഷം; വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പാസായി, ബില്ലിനെ എതിർത്ത് അസദുദ്ദീൻ ഒവൈസി

Wednesday 20 September 2023 8:19 PM IST

ന്യൂഡൽഹി: രാജ്യം മൂന്ന് പതിറ്റാണ്ടിലേറെ കാത്തിരുന്ന നിമിഷത്തിലേക്ക് അടുക്കുകയാണ്. വനിതാ ബിൽ ലോക്‌സഭയിൽ പാസായി. രാജ്യത്ത് വനിതാ സംവരണം നാരീ ശക്തി ബിൽ പാസായതോടെ യാഥാർത്ഥ്യമായി. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിൽ പാസായത്. 454 വോട്ടാണ് ബില്ലിന് അനുകൂലമായി ലഭിച്ചത്. അസദുദ്ദീൻ ഒവൈസിയുടെ എ ഐ എം ഐ എം ബില്ലിനെ എതിർത്തു. ശബ്‌ദവോട്ടോടെ ഒവൈസിയുടെ ഭേദഗതി സഭ തള്ളി.

വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുന്ന ബിൽ ഭരണഘടനാ ഭേദഗതിയോടെയാണ് പാസായത്. എട്ട് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ബില്ലിൽ വോട്ടെടുപ്പ് നടന്നത്. 60 അംഗങ്ങളാണ് ചർച്ചയിൽ പങ്കെടുത്തത്. ഒബിസി സംവരണം കൂടി വേണമെന്ന് ചർച്ചയിൽ കോൺഗ്രസിന് വേണ്ടി പങ്കെടുത്ത സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ബില്ലിൽ അവകാശവാദമുന്നയിച്ച കോൺഗ്രസ് 2010ൽ രാജ്യസഭ പാസാക്കിയ ബിൽ ഇപ്പോൾ കേന്ദ്രം നടപ്പാക്കുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രമാണെന്ന് വിമർശിച്ചു.

' തനിക്ക് ദൈവം തന്ന നിയോഗം" എന്നാണ് കഴിഞ്ഞദിവസം വനിതാ സംവരണ ബിൽ അവതരണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ പറഞ്ഞത്. പിന്നാലെ, നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ 'നാരി ശക്തി വന്ദൻ അധിനിയമം' അവതരിപ്പിച്ചു. 1996ൽ അന്ന് ഭരണത്തിലിരുന്ന എച്ച് ഡി ദേവഗൗഡയുടെ സർക്കാരാണ് ബിൽ അവതരിപ്പിച്ചത്. എന്നാൽ പരാജയപ്പെട്ടു. തുടർന്ന് ബിൽ പാർലമെന്റിന്റെ സംയുക്ത സമിതിയ്‌ക്ക് നൽകി. പിന്നീട് കാലാവധി കഴിഞ്ഞതോടെ ബിൽ ലാപ്‌സായി. പിന്നീട് 14 വർഷശേഷം രാജ്യസഭയിൽ പാസായി. വീണ്ടും 13 വർഷം കഴിഞ്ഞപ്പോഴാണ് ഇപ്പോൾ ലോക്‌സഭയിൽ പാസാകുന്നത്.