സംവിധായകനുമായി സായി പല്ലവിയുടെ രഹസ്യവിവാഹം,​ ആശംസകൾ അറിയിച്ച് നിരവധി പേർ,​ സത്യമിതാണ്

Wednesday 20 September 2023 9:01 PM IST

അൽഫോൺസ് പുത്രൻ - നിവിൻ പോളി ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം പ്രേമത്തിലെ മലർ മിസിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് സായി പല്ലവി. സായി പല്ലവിയും തമിഴ് സംവിധായകൻ രാ‌ജ്‌കുമാർ പെരിയസാമിയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.

രാജ്‌കുമാർ പെരിയസാമിയെ സായ്‌പല്ലവി രഹസ്യമായി വിവാഹം കഴിച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങളോടെ പ്രചരിച്ചത്. ഇരുവരും പൂമാലയിട്ട് നിൽക്കുന്ന ചിത്രങ്ങൾ സായി പല്ലവിയുടെ ഫാൻ ഗ്രൂപ്പുകളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു,​

എന്നാൽ ഈ ചിത്രങ്ങൾ ശിവ കാർത്തികേയന്റെ 21ാമത്തെ സിനിമയുടെ പൂജാചടങ്ങിൽ നിന്നുള്ളതാണ് എന്നതാണ് യാഥാർത്ഥ്യം പൂജാചടങ്ങുകളുടെ ഭാഗമായാണ് ഇരുവരും മാല ധരിച്ചത്. സായി പല്ലവിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രാ‌ജ്കുമാർ തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. രാജ്‌കുമാർ കൈയിൽ ക്ലാപ് ബോർഡ് പിടിച്ചുനിൽക്കുന്നതായിരുന്നു ചിത്രം. എന്നാൽ വിവാഹ ചിത്രമാക്കിയപ്പോൾ ക്ലാപ് ബോർഡ് ഒഴിവാക്കുകയായിരുന്നു,​

അതേസമയം സായി പല്ലവി ഫാൻഡം എന്ന പേജിൽ വന്ന ഈ വ്യാജപോസ്റ്റ് വൈറലാവുകയാണ്. നിരവധി പേരാണ് നടിക്ക് ആശംസകൾ അറിയിച്ചു കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.