സ്വകാര്യ ബസിൽ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം,​ 48കാരൻ അറസ്റ്റിൽ

Wednesday 20 September 2023 10:18 PM IST

തൃശൂർ : സ്വകാര്യ ബസിൽ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 48കാരനെ അറസ്റ്റ് ചെയ്തു. മേക്കാട്ടുകുളം സ്വദേശി വിൻസെന്റാണ് (48)​ അറസ്റ്റിലായത്. കുന്നംകുളം പാവറട്ടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം ഉണ്ടായത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

കുന്നംകുളത്ത് നിന്ന് പാവറട്ടിയിലേക്ക് പോകുകയായിരുന്ന ബസിൽ വച്ച് യാത്രക്കാരനായ വിൻസെന്റ് ലൈംഗികാതിക്രമം കാട്ടിയെന്നാണ് വിദ്യാർത്ഥിനി പരാതി നൽകിയിരിക്കുന്നത്. തുടർന്ന് ബസിലെ മറ്റു യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇയാളെ പിടിച്ചുവയ്ക്കുകയും ഗുരുവായൂർ പൊലീസെത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു .

അതേസമയം തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത മകളെ വിൽപ്പനയ്‌ക്കെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ട രണ്ടാനമ്മയാണെന്ന് പൊലീസ് കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിലാണ് പെൺകുട്ടിയുടെ പിതാവിന്റെ ഫേസ്ബുക്ക് ഐഡിയിൽ നിന്ന് രണ്ടാനമ്മ പോസ്റ്റിട്ടതായി കണ്ടെത്തിയത് പെൺകുട്ടിയുടെ അച്ഛനുമായുള്ള വഴക്കിനെത്തുടർന്നായിരുന്നു രണ്ടാനമ്മ പതിനൊന്നുകാരിയെ വിൽപ്പനയ്‌ക്കെന്ന് പറഞ്ഞ് പോസ്റ്റിട്ടത്. രണ്ടുദിവസം മുൻപായിരുന്നു സംഭവം. സ്വന്തം ഫോണിൽ നിന്ന് പങ്കുവച്ച പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു.

എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.ലഹരി, നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയതുൾപ്പെടെയുള്ള കേസുകളിലെ പ്രതിയായ പിതാവിനെയായിരുന്നു ആദ്യം പൊലീസ് സംശയിച്ചത്. എന്നാൽ ചോദ്യം ചെയ്യലിൽ സമൂഹമാദ്ധ്യമങ്ങളൊന്നും അടുത്തിടെ ഉപയോഗിച്ചില്ലെന്ന് ഇയാൾ മൊഴി നൽകി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ എവിടെനിന്നാണ് പോസ്റ്റ് പങ്കുവച്ചതെന്ന് പരിശോധിച്ചപ്പോഴാണ് രണ്ടാനമ്മയിലേയ്ക്ക് എത്തുന്നത്. ആദ്യം ഇവർ നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. മാതാവ് ഉപേക്ഷിച്ചുപോയ കുട്ടി വല്യച്ഛന്റെയും വല്യമ്മയുടെയും സംരക്ഷണത്തിലാണ് കഴിയുന്നത്. കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കും.

Advertisement
Advertisement