പറന്നെത്തും ഇനി വാടക കോപ്ടർ

Thursday 21 September 2023 12:31 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയും ഗവർണറുമടക്കം വി.ഐ.പികളുടെ യാത്രയ്ക്കും വ്യോമനിരീക്ഷണത്തിനുമായി ഡൽഹിയിലെ ചിപ്സൺ ഏവിയേഷനിൽ നിന്ന് പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്ടർ തലസ്ഥാനത്തെത്തിച്ചു. പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ എത്തിച്ച കോപ്ടർ പിന്നീട് ചിപ്സണിന്റെ ചാലക്കുടിയിലെ ഹാംഗർ യൂണിറ്റിലെത്തിക്കും. അവിടെയാകും പാർക്ക് ചെയ്യുക. ആവശ്യമുള്ളപ്പോൾ തലസ്ഥാനത്തടക്കം എത്തും.

ഇന്ധനം, അറ്റകുറ്റപ്പണി, സ്റ്റാഫിന്റെ ശമ്പളം, പാർക്കിംഗ് ഫീസ് ഉൾപ്പെടെ 80 ലക്ഷം രൂപ മാസവാടക. രണ്ട് പൈലറ്റുമാർ, എൻജിനിയറിംഗ് മെയിന്റനൻസ് ജീവനക്കാരടക്കം എട്ടുപേർ കോപ്ടറിനൊപ്പമുണ്ടാവും. ആറ് വി.ഐ.പികൾക്ക് സഞ്ചരിക്കാം. 50 ലക്ഷം രൂപയുടെ ബിഡ് ബോണ്ട് നൽകിയാണ് പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുമായി കരാറൊപ്പിട്ടത്.

തമിഴ്നാട്, ഒഡീഷ, മഹാരാഷ്ട്ര മുഖ്യമന്ത്റിമാർക്കായി ഹെലികോപ്ടർ സർവീസ് നടത്തുന്നതും ചിപ്സണാണ്. നേരത്തേ 1.71 കോടി മാസവാടകയ്ക്കെടുത്ത ഹെലികോപ്ടർ മാവോയിസ്റ്റ് വേട്ടയ്ക്കും രക്ഷാദൗത്യങ്ങൾക്കും ഉപയോഗിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

വി.ഐ.പി യാത്ര അടക്കം ദൗത്യം

 അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് അവയവങ്ങളെത്തിക്കൽ

 വ്യോമനിരീക്ഷണം, മാവോയിസ്റ്റുകൾക്കായി വനമേഖലയിൽ നിരീക്ഷണം

 രക്ഷാപ്രവർത്തനം, തീരദേശത്തും വിനോദ സഞ്ചാര- തീർത്ഥാടന മേഖലകളിലും നിരീക്ഷണം

 മുഖ്യമന്ത്രിയടക്കം വി.ഐ.പികളുടെ യാത്ര

മാസവാടക- 80 ലക്ഷം രൂപ

 മാസം പറക്കാൻ കരാർ- 25 മണിക്കൂർ

 അധികം പറന്നാൽ മണിക്കൂറിന് നൽകേണ്ടത്- 90,000 രൂപ

 കരാർ കാലാവധി- 3 വർഷം

പ്രത്യേകത

 11 സീറ്റ്

ഫ്രഞ്ച് നിർമ്മിതം

 ഇരട്ട എൻജിൻ