പച്ച പുതച്ച് 'നിധിവൻ" സ്വർഗം
തിരുവനന്തപുരം:കൗതുകങ്ങൾ ഒളിപ്പിച്ചുവച്ച ഒരു ചെറു കാടുണ്ട് തലസ്ഥാന നഗരിയിൽ. എട്ട് സെന്റിൽ ഒരുക്കിയ ഈ കൊച്ചു വനം ഇന്ദു ടീച്ചറുടെയും സുനിൽ മാഷിന്റെയും സ്വർഗമാണ്. ഇരുവരും ഒരുപോലെ കണ്ട സ്വപ്നം.വെറും തരിശ് നിലമായിരുന്ന മണ്ണിനെ മൂന്ന് വർഷം കൊണ്ട് ഇവർ കാടാക്കിമാറ്രി 'നിധിവൻ' എന്ന് പേരും നൽകി. ഇന്ദുവിന്റെ സുഹൃത്ത് ഡോ.മായയാണ് പേരിനു പിന്നിൽ. വട്ടിയൂർക്കാവ് തോപ്പുമുക്ക് വിവേകാനന്ദ ലെയിൻ നഗറിലാണ് കാട് ഒരുക്കിയിട്ടുള്ളത്. ആകെ ചെലവ് അഞ്ച് ലക്ഷം മാത്രം. വീട് മരങ്ങൾ കൊണ്ട് നിറഞ്ഞപ്പോഴാണ് ഈ സ്ഥലം ലഭിക്കുന്നത്.വീട്ടിൽ നിന്ന് 200 മീറ്റർ മാത്രമാണ് വനത്തിലേക്കുള്ള ദൂരം. നഗരമദ്ധ്യത്തിലെ ചെറുവനങ്ങൾ എന്ന 'മിയാവാക്കി'യാണ് പ്രചോദനം.ഇന്ദുവിന്റെ ആഗ്രഹവും സുനിലിന്റെ പിന്തുണയും ഒന്നിച്ചതോടെ 'നിധിവൻ' യാഥാർത്ഥ്യമായി.
വെള്ളച്ചാട്ടവും അരുവിയും കുളവുമെല്ലാം കാടിന്റെ മാറ്റ് കൂട്ടുന്നു. കാട് ഉണ്ടാക്കണമെന്ന് വിചാരിച്ചപ്പോൾത്തന്നെ വെള്ളച്ചാട്ടവും നീർച്ചാലും വേണമെന്ന് തീരുമാനിച്ചു. കാടിന് നടുക്കായി ഒരുക്കിയ കുടിലാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഇന്തോനേഷ്യയിലെ ബാലി ഗാർഡനിലേതുപോലെ ശില്‍പങ്ങളും വനത്തിലുണ്ട്.വെള്ളച്ചാട്ടത്തിന് മുകളിലെ ബുദ്ധനും തുളസിത്തറയിലെ കൃഷ്ണനും കൽവിളക്കും പാലമരത്തണലിലെ ഗണപതിയും നിധിവനിലെ മനോഹര കാഴ്ചകളാണ്. കാട്ടിലൂടെ നടക്കാൻ പ്രത്യേകം ഇടവഴിയും തയ്യാറാക്കിയിട്ടുണ്ട്.
നഴ്സറികളിൽ നിന്നും വഴിയരികിൽ നിന്നുമെല്ലാമാണ് തൈകൾ ശേഖരിച്ചത്. എത്ര പൊരിവെയിലിലും കാടിനുള്ളിൽ ചൂട് അനുഭവപ്പെടാറില്ല. തണുത്ത അന്തരീക്ഷമാണ് ഇവിടെ. വേനൽക്കാലത്ത് കിളികൾ കുളിക്കാനും വെള്ളം കുടിക്കാനും എത്തും. കാട്ടിലെ പഴങ്ങളെല്ലാം ഇവർക്കുള്ളതാണ്. ആർക്കെങ്കിലും പ്രചോദമാകുമെങ്കിൽ അത് തങ്ങളെ സംബന്ധിച്ച് വലിയകാര്യമാണെന്നും മനസുവച്ചാൽ എന്തും സാധിക്കുമെന്നും ഇന്ദു പറഞ്ഞു. ഏറെ നാളത്തെ സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷവും അഭിമാനവും ഈ അദ്ധ്യാപക ദമ്പതികളുടെ കണ്ണുകളിൽ കാണാം. എല്ലാത്തിനും കൂട്ടായി മകൾ അനഘയുമുണ്ട്. പാറശാല വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ കെമിസ്ട്രി അദ്ധ്യാപികയാണ് ഇന്ദു. ഉള്ളൂരിലെ എൻട്രൻസ് കോച്ചിംഗ് സെന്ററിലെ ഫിസിക്സ് അദ്ധ്യാപകനാണ് സുനിൽകുമാർ.