ട്രെയിൻ അപകടത്തിൽപ്പെടുന്നവർക്കുളള നഷ്ടപരിഹാരത്തുക പത്തിരട്ടിയായി വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവേ

Thursday 21 September 2023 10:24 AM IST

ന്യൂഡൽഹി: ട്രെയിൻ അപകടങ്ങളിൽപ്പെടുന്നവർക്കുളള ദുരിതാശ്വാസ തുക പത്തിരട്ടിയായി വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ട്രെയിൻ അപകടങ്ങളിൽ മരണം സംഭവിച്ചാൽ ലഭിക്കുന്ന സഹായം അൻപതിനായിരത്തിൽ നിന്നും അഞ്ച് ലക്ഷമാക്കിയാണ് റെയിൽവേ ഉയർത്തിയിരിക്കുന്നത്. ട്രെയിൻ അപകടങ്ങളിൽ ഗുരുതര പരിക്കുകൾ പ​റ്റിയവർക്കും നിസാര പരിക്കുകൾ സംഭവിച്ചവർക്കും ലഭിക്കുന്ന സഹായത്തിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്.

1989 ലെ റെയിൽവേ ആക്ട് പ്രകാരമാണ് ട്രെയിൻ അപകടങ്ങളിൽപ്പെടുന്നവർക്ക് ധനസഹായം നൽകി തുടങ്ങിയത്. 2012, 2013 വർഷങ്ങളിലാണ് റെയിൽവേ അവസാനമായി ധനസഹായം പരിഷ്‌കരിച്ചത്.

അപകടത്തിൽ മരിക്കുന്നവർക്ക് അൻപതിനായിരത്തിൽ നിന്നും അഞ്ച് ലക്ഷം വരെയും ഗുരുതര പരിക്ക് സംഭവിച്ചവർക്ക് 25,000 ൽ നിന്നും രണ്ടരലക്ഷം വരെയും നിസാര പരിക്ക് സംഭവിക്കുന്നവർക്ക് 5000ൽ നിന്നും 50,000 രൂപ വരെയാണ് ധനസഹായം ഉയർത്തിയിരിക്കുന്നത്.

റെയിൽവേ ഗേ​റ്റ് ക്രോസ് ചെയ്യുന്ന സമയത്ത് അപകടം സംഭവിക്കുന്നവർക്കും ഇത് ബാധകമാണ്. ഗുരുതര പരിക്ക് സംഭവിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് മുപ്പത് ദിവസത്തിൽ കൂടുതൽ ആശുപത്രിയിൽ കഴിയേണ്ടി വന്നാൽ പ്രതിദിനം 3000 രൂപ വരെ നൽകുന്നതാണ്. പരിക്ക് പറ്റിയവർ മുപ്പത് ദിവസത്തിൽ കൂടുതൽ ആശുപത്രിയിൽ കഴിയേണ്ടി വന്നാൽ പ്രതിദിനം 1500 രൂപ വച്ച് നൽകും. ഈ വ്യവസ്ഥ ഏകദേശം ആറുമാസം വരെ തുടരും. എന്നാൽ അഞ്ച് മാസം വരെ ആശുപത്രിയിൽ കഴിയേണ്ടിവരുന്ന രോഗികൾക്കും ഡിസ്ചാർജ് ചെയ്യുന്ന പത്ത് ദിവസത്തിന് മുൻപ് പ്രതിദിനം 750 രൂപ വച്ച് നൽകും. ലെവൽ ക്രോസുകളിൽ അതിക്രമിച്ച് കയറി അപകടം സംഭവിക്കുന്നവർക്ക് ഇത് ബാധകമല്ല.