നാഗചൈതന്യയുടെ രണ്ടാം വിവാഹം ഉടനെന്ന് വാർത്ത; പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് സാമന്ത
വർഷങ്ങളായുള്ള പ്രണയത്തിന് ശേഷം 2017ലാണ് തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത് പതിവായിരുന്നു. ശ്രദ്ധേയരായ ഈ താരദമ്പതികൾ വിശേഷ ദിവസങ്ങളിൽ ആരാധകർക്ക് ആശംസകളുമായി ഒന്നിച്ച് എത്തുമായിരുന്നു. എന്നാൽ, 2021ൽ സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകാൻ തീരുമാനിച്ചത് ആരാധകരെ ഞെട്ടിച്ചു. ഇപ്പോഴിതാ നാഗചൈതന്യയുമൊത്തുള്ള ചിത്രം വീണ്ടും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് സാമന്ത.
ഇരുവരുടെയും വിവാഹദിനത്തിലെടുത്ത ചിത്രമാണ് പങ്കുവച്ചത്. ആർക്കൈവ് ചെയ്ത ചിത്രങ്ങളാണ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നാഗചൈതന്യയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് സാമന്ത പങ്കുവച്ച പോസ്റ്റാണ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'എന്റെ എല്ലാമെല്ലാമായ ആൾക്ക് ജന്മദിനാശംസകൾ, നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നൽകി ദൈവം അനുഗ്രഹിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.' എന്നായിരുന്നു ചിത്രത്തിനൊപ്പം സാമന്ത കുറിച്ചത്.
ഇരുവരും വീണ്ടും ഒരുമിക്കാൻ പോകുന്നതിന്റെ സൂചനയാണ് ഇതെന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. 'ഇപ്പോഴും അവർ പരസ്പരം പ്രണയിക്കുന്നു, അവർ വീണ്ടും ഒന്നിക്കും' തുടങ്ങിയ കമന്റുകളാണ് ഈ പഴയ ചിത്രത്തിന് താഴെ ഇപ്പോൾ വന്നിരിക്കുന്നത്.
സാമന്തയുമായുള്ള വേർപിരിയലിന് ശേഷം പ്രശസ്ത തെന്നിന്ത്യൻ താരം ശോഭിത ധുലിപാലയുമായി നാഗചൈതന്യ പ്രണയത്തിലാണെന്നും ഇവർ ഉടൻ വിവാഹിതരാകുമെന്നും ഗോസിപ്പുകൾ പരന്നിരുന്നു. പല ഇവന്റുകൾക്കും ഇവർ ഒന്നിച്ച് പങ്കെടുത്തതാണ് സംശയത്തിന് കാരണമായത്. നാഗചൈതന്യ തന്റെ പുതിയ വീട്ടിലേയ്‌ക്ക് ശോഭിതയെ ക്ഷണിക്കുകയും തന്റെ മാതാപിതാക്കളെ പരിചയപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം ഇരുവരും അന്ന് നിഷേധിച്ചിരുന്നു.