കടുത്ത നിലപാടെടുത്ത് ഇന്ത്യ; വിസ നിർത്തിവച്ചു, ഇനി കാനഡക്കാർക്ക് ഇന്ത്യയിലേയ്‌ക്ക് വരാനാകില്ല

Thursday 21 September 2023 2:19 PM IST

ന്യൂഡൽഹി: കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് കാനഡയിലെ ഇന്ത്യൻ വിസ സർവീസ് നിർത്തിവച്ചത്. ബിഎൽഎസ് എന്ന സ്വകാര്യ ഏജൻസി വഴിയാണ് അറിയിപ്പ് ഉണ്ടായത്.

ഖാലിസ്താൻ നേതാവ് ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്. ഇന്ന് മറ്റൊരു ഖാലിസ്താൻ ഭീകരവാദി കൂടി കാനഡയിൽ കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യയിലെത്തുന്ന കനേഡിയൻ പൗരന്മാർക്ക് കനേഡിയൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം ജാഗ്രതാ നിർദേശം നൽകിയിരുന്നു. കാശ്‌മീർ അടക്കമുള്ള പ്രദേശങ്ങളിലേയ്‌ക്ക് പോകരുത്, മണിപ്പൂർ, അസം പോലുള്ള സ്ഥലങ്ങളിൽ അത്യാവശ്യമെങ്കിൽ മാത്രം സഞ്ചരിക്കുക. ഇന്ത്യയിൽ എവിടെ പോകുന്നുണ്ടെങ്കിലും അതീവ ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു.

ഇതിന് പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഖാലിസ്താനികളുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളിൽ പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും പൗരന്മാർക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിസ സർവീസുകളും നിർത്തിവച്ചത്.