നടൻ അഖിൽ മിശ്ര അന്തരിച്ചു
Friday 22 September 2023 12:25 AM IST
മുംബയ്: ആമിർ ഖാൻ ചിത്രം ത്രീ ഇഡിയറ്റ്സിലെ ലൈബ്രേറിയൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ അഖിൽ മിശ്ര (67) അന്തരിച്ചു. അടുക്കളയിൽ തലയിടിച്ചു വീണതാണ് മരണകാരണം. രക്ത സമ്മർദ്ദത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം അടുക്കളയിൽ സ്റ്റൂളിൽ ഇരിക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ഭാര്യ സൂസേയ്ൻ ബേണെറ്റ് അറിയിച്ചു. അപകട സമയത്ത് സൂസേയ്ൻ ബേണെറ്റ് ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു.
ത്രീ ഇഡിയറ്റ്സിൽ ഡൂബെ എന്നായിരുന്നു ഇദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. ഡോൺ, ഗാന്ധി മൈ ഫാദർ, ശിഖർ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഉഡാൻ, സി.ഐ.ഡി, ശ്രീമാൻ ശ്രീമതി, ഹാതിം തുടങ്ങി നിരവധി ടെലിവിഷൻ ഷോകളിലും സാന്നിദ്ധ്യമറിയിച്ചു. 2009ലായിരുന്നു അഖിൽ മിശ്രയും ജർമൻ നടിയുമായ സൂസെയ്നും തമ്മിലുള്ള വിവാഹം.