'ജവാന് പിന്നാലെ അറ്റ്‌ലിയുമായി തർക്കം?';​ ഗോസിപ്പുകൾക്ക് ചുട്ടമറുപടി കൊടുത്ത് നയൻതാര

Friday 22 September 2023 3:12 PM IST

ബോളിവുഡ് ബോക്സ് ഓഫീസിൽ കുതിപ്പിലാണ് ഷാരൂഖ് ഖാൻ ചിത്രം ജവാൻ. ലേഡി സൂപ്പർസ്റ്റാർ നയൻതാര ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണിത്. ദീപിക പദുക്കോണും, വിജയ് സേതുപതിയും അടക്കമുള്ള വൻ താരനിരതന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

എന്നാൽ ഈ അറ്റ്‌ലി ചിത്രത്തത്തിൽ നയൻതാര അത്ര തൃപ്തയല്ലെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ കുറച്ച് ദിവസം മുൻപ് പുറത്തുവന്നിരുന്നു. സിനിമയിലെ തന്റെ രംഗങ്ങൾ വെട്ടിക്കുറച്ചതിൽ നയൻതാരയ്‌ക്ക് അറ്റ്‌ലിയോട് ചെറിയ ദേഷ്യമുണ്ടെന്നാണ് വിവരം. കൂടാതെ, ദീപിക പദുക്കോൺ അവതരിപ്പിച്ച റോൾ തന്നെ 'സൈഡാക്കിയോ' എന്ന ആശങ്കയും ലേഡിസൂപ്പർ സ്റ്റാറിനുണ്ടെന്ന രീതിയിലാണ് റിപ്പോർട്ടുകൾ വന്നത്.

ഇപ്പോഴിതാ ഈ റിപ്പോർട്ടുകൾക്ക് പ്രതികരണമെന്ന തരത്തിൽ രംഗത്തെത്തിയിരിക്കുകയാണ് നയൻതാര. അറ്റ്‌ലിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചാണ് താരത്തിന്റെ പ്രതികണം. 'പിറന്നാൾ ആശംസകൾ അറ്റ്‌ലി, നിന്നിൽ ഞാൻ അഭിമാനിക്കുന്നു.' എന്നും താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ജവാൻ സിനിമയുടെ ഷൂട്ടിംഗിനിടെ അറ്റ്‌ലിയോടൊപ്പം നിൽക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഇത് ഇരുവരും തമ്മിൽ തർക്കമാണെന്ന വാർത്തകൾ തള്ളിക്കളയുന്നു.

'ജവാൻ' ആഗോളതലത്തിൽ 907.54 കോ‌‌‌ടി നേടിയതായി നിർമ്മാതാക്കളായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. സെപ്തംബർ 7ന് റിലീസ് ചെയ്ത ജവാൻ ആദ്യദിനം തന്നെ 75 കോടിയാണ് നേടിയത്. ഹിന്ദി ചലച്ചിത്ര ലോകത്ത് ഏറ്റവും ഉയർന്ന ഓപ്പണിംഗ് കളക്ഷനാണ് ഇത്.