ലോക്‌സഭയിൽ ബി എസ് പി എം പിയ്‌ക്കെതിരെ മോശം പരാമർശവുമായി ബിജെപി നേതാവ്, വിവാദം; പിന്നാലെ ക്ഷമാപണവുമായി കേന്ദ്ര പ്രതിരോധ മന്ത്രി

Friday 22 September 2023 4:07 PM IST

ന്യൂഡൽഹി: സഹപ്രവർത്തകനെതിരെ കടുത്ത മോശം പരാമർശം നടത്തി ബിജെപി എം.പി. സൗത്ത് ഡൽഹിയിൽ നിന്നുള്ള എം.പിയായ രമേശ് ബിധൂരിയാണ് മുസ്ളീം വിഭാഗത്തിൽ പെട്ട എം.പിയ്‌ക്കെതിരെ മോശം പരാമർശം നടത്തിയത്. ലോക്‌സഭയിൽ ചന്ദ്രയാൻ-3 ചർച്ചയ്‌ക്കിടെ ബിധൂരി, ബി എസ് പി എം.പിയായ ഡാനിഷ് അലിയെ ഭീകരവാദി എന്ന് വിളിച്ച് ആക്ഷേപിക്കുകയായിരുന്നു. ബിധൂരി വിളിച്ചുപറയുന്നതിനിടെ സമീപത്തിരുന്നവർ ചിരിക്കുന്നുമുണ്ട്.

സംഭവത്തിൽ ബിജെപി എം.പിയെ ഉടനടി സസ്‌പെൻഡ് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തിൽ എം പിയോട് ലോക്‌സഭാദ്ധ്യക്ഷൻ ഓം ബിർള തന്റെ അതൃപ്‌തി അറിയിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രാജ്‌നാഥ് സിംഗ് സംഭവത്തിൽ ഖേദം രേഖപ്പെടുത്തി. അതേസമയം ബഹുജൻ സമാജ്‌വാദി പാർ‌ട്ടി എം.പിയാണ് തന്നെ പ്രകോപിപ്പിച്ചതെന്നും പാർലമെന്റിൽ നടന്ന സംഭവത്തിൽ പ്രതികരണം ശരിയല്ലെന്നും താൻ പറഞ്ഞതിൽ പാർലമെന്ററി വിരുദ്ധമായി ഒന്നുമില്ലെന്നുമാണ് ഒരു ദേശീയ മാദ്ധ്യമത്തിന് രമേശ് ബിധൂരി നൽകിയ പ്രതികരണം. ഭാഷയിൽ മാന്യത പുലർത്തണമെന്നാണ് ലോക്‌സഭാ സ്‌പീക്കർ ബിധൂരിയോട് ആവശ്യപ്പെട്ടത്.

അതേസമയം ബിജെപി ഇതുവരെ രമേശ് ബിധൂരിയ്‌ക്കെതിരെ അച്ചടക്ക നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പ്രതിരോധ മന്ത്രിയുടെ പ്രതികരണം തട്ടിപ്പാണെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് പ്രതികരിച്ചു. ബിജെപിയ്‌ക്ക് മുസ്ളീങ്ങളോടുള്ള മനോഭാവമാണ് ഈ പരാമർശത്തിലൂടെ വ്യക്തമാകുന്നതെന്ന് ഒമർ അബ്‌ദുള്ള പ്രതികരിച്ചു.