സംവിധായകനുമായി രഹസ്യ വിവാഹം, പ്രതികരണവുമായി സായി പല്ലവി

Friday 22 September 2023 5:02 PM IST

അൽഫോൺസ് പുത്രൻ - നിവിൻ പോളി ടീമിന്റെ സൂപ്പർഹി​റ്റ് ചിത്രമായ പ്രേമത്തിലെ മലർ മിസിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച താരമാണ് സായി പല്ലവി. താരവും തമിഴ് സംവിധായകനുമായ രാജ്കുമാർ പെരിയസ്വാമിയും തമ്മിലുളള വിവാഹത്തെക്കുറിച്ചുളള വാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ തരംഗമായിരുന്നു.
രാജ്കുമാറും സായി പല്ലവിയും രഹസ്യമായി വിവാഹം കഴിച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. രണ്ടുപേരും പൂമാലയണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളും സായി പല്ലവിയുടെ ഫാൻസ് ഗ്രൂപ്പുകളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.

ഇപ്പോൾ അതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് സായി പല്ലവി പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തിലുളള കിംവദന്തികൾ താൻ കാര്യമാക്കുന്നില്ലെന്നും അവയിൽ കുടുംബാംഗത്തെ പോലെ കാണുന്ന വ്യക്തിയെ ഉൾപ്പെടുത്തുമ്പോൾ പ്രതികരിക്കണമെന്ന് താരം പറഞ്ഞു. പുതിയ ചിത്രത്തിന്റെ പൂജാചടങ്ങിൽ എടുത്ത ചിത്രങ്ങളാണ് മോശമായി പ്രചരിക്കുന്നതെന്നും ഇത്തരത്തിലുളള പ്രവർത്തികൾ നിരാശാജനകമാണെന്നും താരം കൂട്ടിച്ചേർത്തു. സായി പല്ലവിയുടെ പ്രതികരണത്തിൽ അനുകൂലിച്ച് ഒട്ടവധി പേർ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.