ഇരുപത്തിരണ്ടുകാരന്റെ വയറുവേദനയുടെ കാരണം കണ്ടപ്പോൾ ഡോക്ടർ ശരിക്കും ഞെട്ടി, വെറും ഒരു കത്തി

Friday 22 September 2023 5:56 PM IST

കാഠ്മണ്ഡു: വയറുവേദനയുമായി ആശുപത്രിയിൽ ചികിത്സ തേടിയ 22കാരന്റെ വയറ്റിൽ 15 സെന്റീമീറ്റർ നീളമുള്ള കത്തി കണ്ടെത്തി. നേപ്പാളിലാണ് സംഭവം. ആശുപത്രിയിലെത്തുന്നതിന് ഒരു ദിവസം മുമ്പ് ഒരു അടിപിടിക്കിടെ യുവാവിന് കുത്തേറ്റിരുന്നു. ഇതിന് പിന്നാലെ ഒരു പ്രാദേശിക ആരോഗ്യ പ്രവർത്തകൻ ഈ മുറിവിന് സ്റ്റിച്ചിട്ട് കൊടുത്തിരുന്നു. എന്നാൽ കത്തിയുടെ ബ്ലേഡ് ഭാഗം യുവാവിന്റെ വയറ്റിനുള്ളിലേക്ക് തറച്ചുകയറിയിരുന്ന കാര്യം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കത്തിയുടെ ബ്ലേഡ് ഉള്ളിൽ തറച്ചിരിക്കുന്നുണ്ടെന്നതിന് യാതൊരു സൂചനയും മുറിവിൽ പ്രത്യക്ഷമായിരുന്നില്ല. കുത്തേൽക്കുമ്പോൾ യുവാവ് മദ്യപിച്ചിരുന്നതിനാൽ മുറിവിന് സ്റ്റിച്ചിട്ട ശേഷം ഇയാൾ വീട്ടിൽ പോയി. പിറ്റേ ദിവസം അടിപിടി സംബന്ധിച്ചും കുത്തേറ്റതിനെ പറ്റിയൊന്നും ഇയാൾക്ക് കാര്യമായ ഓർമ്മയില്ലായിരുന്നു.

ഇതിനിടെ ശക്തമായ വയറുവേദന തോന്നിയതോടെ ആശുപത്രിയിലെത്തുകയായിരുന്നു. അതേ സമയം, കത്തി ഉള്ളിലുണ്ടായിരുന്നെങ്കിലും യുവാവിന് ഛർദ്ദിയോ രക്തസ്രാവമോ മറ്റ് അസ്വസ്ഥതകളോ നേരിട്ടില്ല. രക്തത്തിന്റെ നില സാധാരണഗതിയിലുമായിരുന്നു. കുത്തേറ്റ കാര്യം യുവാവ് ആദ്യം ഡോക്ടർമാരോട് പറഞ്ഞിരുന്നില്ല. സ്റ്റിച്ചിന്റെ പാടുകണ്ട ഡോകടർമാർ ഇയാളോട് കാര്യം തിരക്കുകയായിരുന്നു. തുടർന്ന് യുവാവിനെ ഏക്സ് റേ അടക്കമുള്ള പരിശോധനകൾക്ക് വിധേയമാക്കി. ഇതോടെയാണ് കത്തി വയറിനുള്ളിൽ കുടുങ്ങിയെന്ന് കണ്ടെത്തിയത്. വയറിനുള്ളിൽ ഒരു വശത്ത് നിന്ന് മറ്റൊരു വശത്തേക്ക് സ്വതന്ത്രമായി ചലിക്കുന്ന നിലയിലായിരുന്നു കത്തി. തുടർന്ന് ശസ്ത്രക്രിയയിലൂടെ കത്തി പുറത്തെടുത്തു. ആശുപത്രിവിട്ട യുവാവ് സുഖംപ്രാപിക്കുന്നതായി അധികൃതർ പറയുന്നു.