എൻ ഡി എയിൽ ചേർന്ന് ജെഡിഎസ്; അമിത് ഷായെയും നദ്‌ദയെയും സന്ദർശിച്ച് കുമാരസ്വാമി, ഒപ്പമില്ലെന്ന് കേരള ഘടകം

Friday 22 September 2023 6:40 PM IST

ന്യൂഡൽഹി: ദേശീയ ജനാധിപത്യ സഖ്യത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച് ജനതാദൾ (എസ്). കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്‌ദയെയും കണ്ടു. ജെഡിഎസിനെ എൻ ഡി എയിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നെന്ന് നദ്‌ദ എക്‌സിലൂടെ പ്രതികരിച്ചു.

ബിജെപി അദ്ധ്യക്ഷൻ നദ്‌ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവർക്കൊപ്പം കുമാരസ്വാമി നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌‌തു. ജെഡിഎസിന്റെ എൻ ഡി എ പ്രവേശം കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യുരപ്പ മുൻപ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ 28ൽ നാല് സീറ്റുകൾ ജെ ഡി എസിന് നൽകാൻ തീരുമാനിച്ചെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതേസമയം സീറ്റ് വിഭജനത്തെക്കുറിച്ച് ചർച്ചകളൊന്നുമായിട്ടില്ലെന്നാണ് കുമാരസ്വാമി വ്യക്തമാക്കിയത്. 28ൽ 25 സീറ്റുകളിൽ 2019ൽ വിജയിച്ചത് ബിജെപിയാണ്. ആകെ ഒരു സീറ്റിലാണ് ജെ ഡി എസ് ജയിച്ചത്.

എന്നാൽ എൻ ഡി എയ്‌ക്കൊപ്പം ചേരാനില്ലെന്ന് ജെഡിഎസ് കേരളഘടകം വ്യക്തമാക്കി. അടുത്തമാസം ഏഴിന് സംസ്ഥാന കമ്മിറ്റി വിളിച്ചതായും സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് അറിയിച്ചു. വൈദ്യുതിമന്ത്രി കെ.കൃഷ്‌ണൻകുട്ടി ജെഡിഎസ് അംഗമാണ്.