ഗോവയിൽ പോയി വെറും കൈയോടെ മടങ്ങുന്നതെങ്ങനാ! പ്രിൻസിപ്പലും കുട്ടികളും വാങ്ങിക്കൂട്ടിയത് 50 കുപ്പി മദ്യം, കൈയോടെ പൊക്കി എക്‌സൈസ്

Saturday 23 September 2023 10:49 AM IST

കൊച്ചി: സുഹൃത്തുക്കൾക്ക് കൊടുക്കാനും വീട്ടിലിരുന്ന് കഴിക്കാനുമായി ഗോവൻ ടൂറിനിടെ വിദ്യാർത്ഥികൾ അറിയാതെ ബാഗിൽ വിദേശമദ്യം ഒളിപ്പിച്ചപ്പോൾ കൊട്ടിയത്തെ വി​ദ്യാഭ്യാസ സ്ഥാപനത്തി​ലെ പ്രിൻസിപ്പൽ ഒരിക്കലും പ്രതീക്ഷിച്ചില്ല ടൂറിസ്റ്റ് ബസിൽ എക്‌സൈസ് പരിശോധനയുണ്ടാകുമെന്ന്. പക്ഷേ, കണക്കുകൂട്ടലെല്ലാം തെറ്റി.

രഹസ്യവിവരമറിഞ്ഞ് ഇടപ്പള്ളി പാലാരിവട്ടം ഹൈവേയിൽ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പ്രിൻസിപ്പലിന്റെ മാത്രമല്ല, ബസ് ഡ്രൈവറുടെയും ക്ലീനറുടെയും ടൂർ ഓപ്പറേറ്ററുടെയും ബാഗുകളിൽ നിന്നടക്കം പിടിച്ചെടുത്തത് 50 കുപ്പി മദ്യം. 31.8 ലിറ്റർ ! സംഭവത്തിൽ പ്രിൻസിപ്പലടക്കം നാലു പേർക്കെതിരെ മദ്യക്കടത്തിന് എക്‌സൈസ് കേസെടുത്തു. ഇന്നലെ രാവിലെ ഒമ്പതുമണിയോടെയായിരുന്നു റെയ്ഡ്.

വിനോദയാത്രാ സംഘത്തിൽ ടി.ടി.സി വിദ്യാർത്ഥികളായ 33 പെൺകുട്ടികളും ആറ് ആൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. ബസിന്റെ ലഗേജ് അറയിലാണ് ബസ് ഡ്രൈവർ, ക്ലീനർ, ടൂർ ഓപ്പറേറ്റർ, പ്രിൻസിപ്പൽ എന്നിവരുടെ ബാഗുകളിൽ സൂക്ഷിച്ചിരുന്നത്. എക്‌സൈസ് തിരുവനന്തപുരം ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഇന്നലെ പുലർച്ചെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ എം.സജീവ്കുമാറിന്റെ നേതൃത്വത്തിൽ സ്‌ട്രൈക്കിംഗ് ഫോഴ്‌സ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർ ജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിപിൻ പുഷ്പാംഗതൻ, ഇഷാൽഅഹമ്മദ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ രഞ്ജിനി, ദീപക് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ബസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.