"വ്യക്തമായി ഒന്നും കേട്ടിരുന്നില്ല, എന്തിന് എന്റെ പേര് പറയുന്നു"; ബിധുരി - ‌ഡാനിഷ് പ്രശ്നത്തിൽ പ്രതികരിച്ച് ഹർഷ് വർദ്ധൻ

Saturday 23 September 2023 12:33 PM IST

ന്യൂഡൽഹി: ലോക്‌സഭയിൽ ബഹുജൻ സമാജ് പാർട്ടി എം പിയായ ഡാനിഷ് അലിക്കെതിരെ ബിജെപി എം പി രമേഷ് ബിധുരി നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ. രമേഷ് ബിധുരി പ്രസംഗിക്കുന്ന വീഡിയോയിൽ ഹർഷ് വർദ്ധൻ പുഞ്ചിരിക്കുന്നത് വൻവിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികരണവുമായി ഹർഷ് വർദ്ധൻ എത്തിയിരിക്കുന്നത്.

ലോക്‌സഭാംഗമായ താൻ ഒരിക്കലും മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രവർത്തിക്കില്ലെന്നുമാണ് പ്രതികരണം. തന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്നതിന് ചില രാഷ്ട്രീയ പ്രവർത്തകർ മെനഞ്ഞെടുത്ത തന്ത്രമാണ് ഇതെന്ന് എക്സിലൂടെ ഹർഷ് വർദ്ധൻപ്രതികരിച്ചു.

വിമർശനത്തിനാസ്പദമായ സംഭവം നടക്കുമ്പോൾ താൻ ലോക്സഭയിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ എംപി പറഞ്ഞത് വ്യക്തമായി കേൾക്കാൻ സാധിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. മ​റ്റ് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉളളവർ തന്റെ പേര് ഇത്തരത്തിൽ വലിച്ചിഴച്ചതിന് സങ്കടവും അപമാനവും ഉണ്ടെന്ന് ഹർഷവർദ്ധൻ കൂട്ടിച്ചേർത്തു. ചാന്ദിനി ചൗക്കിലെ ഗല്ലിയിൽ ഫടക് തെലിയനിൽ ജനിച്ചുവളർന്ന താൻ ബാല്യകാലം ചിലവഴിച്ചത് മുസ്ലീം സുഹൃത്തുക്കളോടൊപ്പം കളിച്ചാണ് വളർന്നത്. മുസ്ലീം വിഭാഗത്തിൽപ്പെട്ടവർ തന്റെ സഹോദരങ്ങളെപോലെയാണെന്നും ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാന്ദിനി ചൗക്കിൽ നിന്നും മത്സരിച്ച് വിജയിച്ചതിൽ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭയിലെ പ്രത്യേക സമ്മേളനത്തിന്റെ അവസാന ദിവസം ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയവുമായി ബന്ധപ്പെട്ട ചർച്ചയിക്കിടെയാണ് ഡാനിഷ് അലിയെ ബിധുരി മതപരമായി അധിക്ഷേപിച്ചത്. കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷായിരുന്നു സഭ നിയന്ത്രിച്ചിരുന്നത്. ബിധുരിക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ എം പി സ്ഥാനം രാജിവയ്ക്കുമെന്ന് ഡാനിഷ് അലി പറഞ്ഞിരുന്നു.