പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് തന്നെ മത്സരിക്കും,​ എതിരെ മോദിയാണെങ്കിലും ഞാൻ ജയിക്കുമെന്ന് ശശി തരൂർ

Saturday 23 September 2023 8:30 PM IST

തിരുവനന്തപുരം : പാർട്ടി പറഞ്ഞാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ തിരുവനന്തപുരത്ത് നിന്ന് തന്നെ മത്സരിക്കുമെന്ന് ശശി തരൂർ എം.പി പറഞ്ഞു. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് തരൂർ വ്യക്തമാക്കി.

പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് താൻ തന്നെ മത്സരിക്കും,​ തിരുവനന്തപുരം ലോക്‌സഭാ സീറ്റ് ആർക്കെങ്കിലും വിട്ടുകൊടുക്കാമെന്ന് കരുതിയിരുന്നു. പക്ഷേ സാഹചര്യം കാണുമ്പോൾ മനസ് മാറി,​ ദേശീയതലത്തിൽ ഒരു ഭരണമാറ്റം ആവശ്യമാണെന്നും തരൂർ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്ത് മോദി മത്സരിച്ചാലും താൻ ജയിക്കും എന്നും തരൂർ വിശ്വാസം പ്രകടിപ്പിച്ചു. തിരുവനന്തപുരത്ത് മത്സരിക്കാൻ നൂറുശതമാനം തീരുമാനിച്ചിരുന്നില്ല. പാർലമെന്റ് വേണോ മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് വേണോ എന്ന സംശയം ഉണ്ടായിരുന്നു,​ എന്നാൽ ദേശീയ സാഹചര്യത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തി. പാർട്ടി തീരുമാനിച്ചാൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്നും തരൂർ പറഞ്ഞു. ബി.ജെ.പി രാജ്യത്ത് വർഗീയ വിഷം ഇഞ്ചക്ട് ചെയ്തിരിക്കുകയാണെന്നും പാർലമെന്റിലെ ഡാനിഷ് അലിക്കെതിരായ പരാമർശം മുൻനിറുത്തി തരൂർ ചൂണ്ടിക്കാട്ടി.