ഒറ്റ തിരഞ്ഞെടുപ്പ് : സമിതി യോഗത്തിൽ പ്രതിപക്ഷം ഇല്ല

Sunday 24 September 2023 12:08 AM IST

ന്യൂഡൽഹി : ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിയമനിർമാണ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും, ലാ കമ്മീഷന്റെയും നിർദ്ദേശങ്ങൾ ക്ഷണിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ എട്ടംഗസമിതി. സമിതിയുടെ ആദ്യയോഗം പ്രതിപക്ഷ പ്രതിനിധിയുടെ അസാന്നിദ്ധ്യത്തിൽ ഇന്നലെ ഡൽഹിയിൽ നടന്നു.

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിൽ ദേശീയ - സംസ്ഥാന രാഷ്ട്രീയ പാർട്ടികളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിക്കാൻ തീരുമാനിച്ചു. യോഗത്തിൽ സമിതി അംഗങ്ങളായ കേന്ദ്രമന്ത്രിമാരായ അമിത് ഷാ,​ അർജുൻ റാം മേഘ്‌വാ‍ൾ,​ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി നേതാവ് ഗുലാം നബി ആസാദ്,​ ലോക്സഭാ മുൻ സെക്രട്ടറി ജനറൽ സുഭാഷ് സി. കശ്യപ് തുടങ്ങിയവർ പങ്കെടുത്തു. മറ്റൊരു അംഗമായ അഭിഭാഷകൻ ഹരീഷ് സാൽവെ വീഡിയോ കോൺഫറൻസിലൂടെ ചേർന്നു. കോൺഗ്രസ് ലോക്‌സഭാ നേതാവ് അധിർ രഞ്ജൻ ചൗധരിയെ അംഗമാക്കിയിരുന്നെങ്കിലും സഹകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.