ഇന്ത്യക്ക് നേരത്തേ തെളിവ് നൽകിയെന്ന് ട്രൂഡോ
ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്ക് സൂചിപ്പിക്കുന്ന തെളിവുകൾ ആഴ്ചകൾക്ക് മുമ്പേ ഇന്ത്യയുമായി പങ്കുവച്ചെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.
കാനഡ സന്ദർശിക്കുന്ന യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രൂഡോയുടെ ഈ വെളിപ്പെടുത്തൽ.
ഇന്ത്യയുമായി ക്രിയാത്മകമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യ സഹകരിക്കുമെന്ന് വിശ്വസിക്കുന്നു. ഇതിലൂടെ ഗുരുതരമായ ഒരു വിഷയത്തിന്റെ അടിത്തട്ടിലേക്ക് എത്താനാകുമെന്നും ട്രൂഡോ പറഞ്ഞു.
കനേഡിയൻ സർക്കാരുമായി സഹകരിക്കാൻ ഇന്ത്യ തയാറാണെന്നും എന്നാൽ കാനഡ പ്രത്യേക വിവരങ്ങളോ തെളിവുകളോ കൈമാറിയിട്ടില്ലെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ജൂൺ 18നാണ് നിജ്ജർ സറെയിലെ സിഖ് ഗുരുദ്വാരയ്‌ക്ക് മുന്നിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.