ഏഷ്യൻ ഗെയിംസ്: ആദ്യദിനം ഇന്ത്യ ഫൈവ്സ്റ്റാർ

Monday 25 September 2023 12:00 PM IST
ഷൂട്ടിംഗിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ വെള്ളി നേടിയ ഇന്ത്യൻ ടീം. ഇടത്തുനിന്ന് റമിത,​മെഹുലി ഘോഷ്,ആഷി ചൗക്സെ

തുഴച്ചിലിൽ രണ്ട് വെള്ളി, ഒരു വെങ്കലം

ഷൂട്ടിംഗിൽ ഓരോ വെള്ളിയും വെങ്കലവും

19-ാമത് ഏഷ്യൻ ഗെയിംസിന്റെ ആദ്യ ദിനത്തിൽ മൂന്നു വെള്ളിയും രണ്ടു വെങ്കലവുമായി മികച്ച തുടക്കമിട്ട് ഇന്ത്യ. രണ്ടു വെള്ളിയും ഒരു വെങ്കലവുമായി റോവിംഗിലൂടെയാണ് ഇന്ത്യ മെഡൽ വേട്ടയാരംഭിച്ചത്. വനിതകളുടെ ഷൂട്ടിംഗിൽ ടീമിനത്തിൽ വെള്ളിയും വ്യക്തിഗത ഇനത്തിൽ വെങ്കലവും നേടാനായി.

റോവിംഗിൽ പുരുഷന്മാരുടെ ലൈറ്റ്‌വെയ്റ്റ് ഡബിൾ സ്കൾസ് ഇനത്തിൽ അർജുൻലാൽ ജാട്ട് - അരവിന്ദ് സിംഗ് സഖ്യമാണ് വെള്ളി നേടി മെഡൽപ്പട്ടിക തുറന്നത്. എട്ടുപേരടങ്ങുന്ന പുരുഷ ടീമിന്റെ തുഴച്ചിലിലും വെള്ളി ലഭിച്ചു. നീരജ്,നരേഷ്,നീതിഷ്, ചരൺജീത്,ജസ്‌വീന്ദർ,ഭീം,പുനിത്,ആശിഷ്,ധനഞ്ജയ് പാണ്ഡേ എന്നിവരാണ് ടീമിൽ ഉണ്ടായിരുന്നത്. മെൻസ് പെയർ ഇനത്തിൽ ബാബുലാൽ യാദവ്,ലേഖ് റാം എന്നിവർ ചേർന്ന് വെങ്കലം നേടി.

10 മീറ്റർ എയർ റൈഫിൾ വനിതാ ടീം ഷൂട്ടിംഗിൽ മെഹുലി ഘോഷ്,ആഷി ചൗക്സെ,റമിത എന്നിവരടങ്ങിയ ടീം വെള്ളി സ്വന്തമാക്കി. വ്യക്തിഗത ഇനത്തിൽ റമിത വെങ്കലവും നേടി. വനിതാക്രിക്കറ്റിൽ ഇന്ത്യ ഫൈനലിലെത്തി മെഡലുറപ്പിച്ചിട്ടുണ്ട്.