ദലിത് യുവതിയുടെ ആത്മഹത്യ: മുൻ കാമുകൻ അറസ്റ്റിൽ

Monday 25 September 2023 3:47 AM IST

ഇരിങ്ങാലക്കുട: മാളയിൽ ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ചെങ്ങമനാട് അടുവാശ്ശേരി സ്വദേശി വെളിയത്ത് വീട്ടിൽ ഷിതിനെ(34) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോംഗ്‌റേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: ടി.കെ. ഷൈജു അറസ്റ്റ് ചെയ്തു. എസ്.സി, എസ്.ടി. നിയമപ്രകാരവും ആത്മഹത്യ പ്രേരണാക്കുറ്റവും ചുമത്തിയാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുമായി പത്തു വർഷത്തോളം പ്രണയത്തിലായിരുന്ന ഷിതിൻ വിവാഹ വാഗ്ദാനം നൽകി പലവട്ടം ശാരീക പീഡനത്തിനും ഇരയാക്കിയിരുന്നു. വർഷങ്ങളോളം മോഹിപ്പിച്ച് കൊണ്ടു നടന്ന ശേഷം പിന്നീട് പ്രണയ ബന്ധത്തിൽ നിന്ന് ഒഴിവാകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ച ഇയാൾ വേറെ വിവാഹം കഴിക്കാനും ശ്രമിച്ചു. എന്നാൽ പെൺകുട്ടി ഇത് എതിർത്തതോടെ ഇയാൾക്ക് ശത്രുതയായി. പെൺകുട്ടിയുടെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും കീഴ്ജാതിക്കാരിയെന്നതുമായിരുന്നു വിവാഹത്തിൽ നിന്നു പിൻമാറാനുള്ള കാരണമായി ഇയാൾ പറഞ്ഞിരുന്നതെത്രേ. പഠിക്കാൻ മിടുക്കിയും ഉയർന്ന ജോലിയുമുണ്ടായിരുന്ന പെൺകുട്ടി ഇയാളുടെ നിരന്തരമുള്ള ശാരീകവും മാനസികവുമായ പീഡനം മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ആത്മഹത്യക്കുറിപ്പിൽ ശാരീരികവും മാനസികവുമായി പ്രതിയിൽ നിന്നുണ്ടായ പീഡനങ്ങളുടെ വ്യക്തമായ സൂചനകളുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച നെടുമ്പാശ്ശേരിയിൽ നിന്നാണ് ഷിതിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. വിശദമായ അന്വേഷണം നടത്തി കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷമായിരുന്നു ഡിവൈ.എസ്.പിയും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മാള ഇൻസ്‌പെക്ടർ സജിൻ ശശി, എസ്.ഐ: നീൽ ഹെക്ടർ ഫെർണാണ്ടസ്, എ.എസ്.ഐ: എം.സുമൽ, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, ജിബിൻ ജോസഫ്, സി.പി.ഒ: കെ.എസ്. ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.