കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎം നേതാവ് എം കെ കണ്ണനെ ഇ ഡി ചോദ്യം ചെയ്യുന്നു

Monday 25 September 2023 11:27 AM IST

തൃശൂ‌ർ: തൃശൂർ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണൻ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് കേരള ബാങ്കിന്റെ വൈസ് ചെയർമാൻ കൂടിയായ കണ്ണനെ ചോദ്യം ചെയ്യുന്നത്.

കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാറിന്റെ പല ബിനാമി ഇടപാടുകളും തൃശൂർ കോപ്പറേറ്റീവ് ബാങ്ക് വഴിയാണ് നടത്തിയിട്ടുള്ളതെന്നാണ് ഇ ഡി കണ്ടെത്തിയത്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമിടപാട് സതീഷ് കുമാർ ഈ ബാങ്ക് വഴി നടത്തിയിട്ടുണ്ട്. ഇതിന്റെ രേഖകൾ കഴിഞ്ഞ ദിവസത്തെ റെയ്‌ഡിൽ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തേടുന്നതിനാണ് എം കെ കണ്ണനെ ഇ ഡി വിളിച്ചുവരുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിന്റെ അദ്ധ്യക്ഷനെ കൂടി ചോദ്യം ചെയ്യണമെന്നും ഇ ഡി പറയുന്നു. ഈ രണ്ട് ചോദ്യം ചെയ്യലും പൂർത്തിയാകുന്ന മുറയ്‌ക്കായിരിക്കും എ സി മൊയ്‌തീൻ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകുന്ന കാര്യത്തിൽ തീരുമാനമാകുക.

പ്രധാന പ്രതികൾക്ക് പുറമേ, നേരത്തേ ചോദ്യം ചെയ്തിട്ടുള്ള സാക്ഷികളായ അനൂപ് ഡേവിസ് കാട, ഇ ഡിയ്‌ക്കെതിരെ പരാതി ഉന്നയിച്ച കൗൺസിലർ അരവിന്ദാക്ഷൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യണമെന്നാണ് ഇ ഡി അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ സാക്ഷികൾക്ക് കൂടി നോട്ടീസ് നൽകി ചോദ്യം ചെയ്യൽ നടത്തും.