കൊല്ലത്ത് സൈനികനെ സംഘം ചേർന്ന് മർദ്ദിച്ചു; ശരീരത്തിൽ പിഎഫ്‌ഐ എന്നെഴുതിയതായും പരാതി
കൊല്ലം: സൈനികനെ ഒരുസംഘം ആളുകൾ തടഞ്ഞുനിർത്തി മർദ്ദിച്ചതായി പരാതി. കൊല്ലം കടയ്‌ക്കലിൽ കഴിഞ്ഞദിവസമാണ് സംഭവം. രാജസ്ഥാനിൽ സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനിനാണ് മർദ്ദനമേറ്റത്. അക്രമികൾ ശരീരത്തിന് പിൻഭാഗത്തായി പി എഫ് ഐ എന്നെഴുതിയതായും സൈനികൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞദിവസം നാട്ടിൽ ഓണാഘോഷ പരിപാടികൾ നടന്നിരുന്നുവെന്നും ഇതിന് ശേഷമാണ് ആക്രമണം ഉണ്ടായതെന്നുമാണ് സൈനികൻ പറയുന്നത്. ഇന്ന് വൈകിട്ട് ജോലിസ്ഥലത്തേയ്ക്ക് മടങ്ങിപ്പോകാനിരിക്കുകയായിരുന്നു. ഇതിന് മുൻപായി രാത്രി സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോയി. അതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് രണ്ടുപേർ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു.
പിന്നാലെ നാലുപേർ കൂടിയെത്തി മർദ്ദിച്ചു. അക്രമത്തിനിടെ ചവിട്ടി വീഴ്ത്തുകയും ശരീരത്തിന് പിന്നിലായി എന്തോ എഴുതുകയും ചെയ്തു. എന്താണ്എഴുതിയതെന്ന് അപ്പോൾ മനസിലായില്ലെന്ന് സൈനികൻ പറയുന്നു. മർദ്ദനശേഷം സംഘം പോയതോടെ വീടിന് അടുത്തുള്ള യുവാവിനെ വിളിച്ചുവരുത്തിയാണ് വീട്ടിലെത്തിയത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ പി എഫ് ഐ എന്നാണ് എഴുതിയിരിക്കുന്നതെന്ന് കണ്ടതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഷൈനിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.