കാക്കി കണ്ടാൽ കടിച്ചിരിക്കും; റോബിന്റെ കഞ്ചാവ് വിൽപ്പനയ്‌ക്ക് കാവൽ നിന്നത് ഒന്നും രണ്ടുമല്ല പതിമൂന്ന് നായ്‌ക്കൾ

Monday 25 September 2023 12:43 PM IST

കോട്ടയം: പട്ടികളുടെ സംരക്ഷണയിൽ വൻ കഞ്ചാവ് കച്ചവടം. കോട്ടയം കുമാരനല്ലൂരിലാണ് സംഭവം. റോബിൻ എന്നയാൾ വാടകയ്‌ക്കെടുത്തിരുന്ന വീട്ടിലാണ് പട്ടി വളർത്തലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടന്നത്. 18 കിലോ കഞ്ചാവാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ഗാന്ധിനഗർ പൊലീസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പൊലീസിനെ കണ്ടയുടനെ റോബിൻ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. റെയ്‌ഡ് നടന്നതിന് പിന്നാലെയാണ് ഇവിടെ ലഹരിക്കച്ചവടം നടക്കുന്നതായി നാട്ടുകാർ പോലും അറിയുന്നത്.

ഇന്ന് പുലർച്ചെയാണ് സംഭവം. വിദേശ ബ്രീഡ് ഉൾപ്പെടെ പതിമൂന്ന് നായ്‌ക്കളെയാണ് ഇയാൾ കഞ്ചാവ് വിൽപ്പനയ്‌ക്ക് കാവൽ നിർത്താനായി വളർത്തിയിരുന്നത്. ഇയാളുടെ കഞ്ചാവ് കച്ചവടത്തെപ്പറ്റി മുമ്പ് പലതവണ പൊലീസിനും എക്‌സൈസിനും വിവരം ലഭിച്ചിരുന്നു. എന്നാൽ, വീട്ടിലെത്തുമ്പോൾ നായ്‌ക്കളെ അഴിച്ചുവിട്ട് ഉദ്യോഗസ്ഥരെ ആക്രമിക്കാനാണ് ഇയാൾ ശ്രമിച്ചിരുന്നത്. കാക്കി കണ്ടാൽ ആക്രമിക്കണം എന്ന തരത്തിലാണ് നായ്‌ക്കൾക്ക് റോബിൻ പരിശീലനം നൽകിയിരുന്നത്. റെയ്‌ഡിനെത്തിയ പൊലീസുകാർക്കെതിരെ നായ്‌ക്കളെ അഴിച്ചുവിട്ട് ആക്രമണം നടത്താനുള്ള ശ്രമം നടന്നെങ്കിലും അവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡോഗ് സ്ക്വാഡ് ഉൾപ്പെടെ എത്തിയതിനാലാണ് കാര്യങ്ങൾ നിയന്ത്രണത്തിലാക്കാനായത്.

സ്ഥലത്ത് കോട്ടയം എസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പരിശോധന നടത്തി. കൂടുതൽ അന്വേഷണത്തിനായി കോട്ടയം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.