മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു 

Tuesday 26 September 2023 12:15 AM IST
മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിർവ്വഹിക്കുന്നു

ഉടുമ്പന്നൂർ : ഗ്രാമപഞ്ചായത്തിലെ മത്സ്യ കർഷകർക്കായി സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വീട്ട് മുറ്റത്ത് വിഷരഹിത മത്സ്യം പദ്ധതിയുടെ ഗുണഭോക്താക്കൾക്കും സ്വന്തമായി മീൻ കുളം ഉള്ളവർക്കുമാണ് മത്സ്യക്കുഞ്ഞുങ്ങളെ നൽകിയത്. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് സൗജന്യമായി ചെറുകിട കർഷകർക്ക് മീൻ കുളം നിർമ്മിച്ച് നൽകുകയും പടുതയും മറ്റ് അനുബന്ധ സൗകര്യവും ഒരുക്കുന്നതിന് കുളമൊന്നിന് 4000 രൂപ സബ്‌സിഡിയും നൽകുന്നതാണ് പഞ്ചായത്ത് പദ്ധതി. ഇതിൽപ്പെടുത്തി നിലവിൽ 50 ലധികം കുളങ്ങൾ വിവിധ വാർഡുകളിലായി നിർമ്മിച്ചു കഴിഞ്ഞു. മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശാന്തമ്മ ജോയി, മത്സ്യകേരളം പഞ്ചായത്ത് തല കോർഡിനേറ്റർ ശ്രീദേവി രജി തുടങ്ങിയവർ സംസാരിച്ചു.