വനിതാകമ്മിഷൻ നടപടി രാഷ്ട്രീയ പകപോക്കൽ: ചെന്നിത്തല
Tuesday 26 September 2023 12:58 AM IST
തിരുവനന്തപുരം: കെ.എം. ഷാജിക്കെതിരെ കേസെടുത്ത വനിതാ കമ്മിഷൻ നടപടി രാഷ്ട്രീയ പകപോക്കലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ആരോഗ്യ മന്ത്രിക്കെതിരെയുണ്ടായത് രാഷ്ട്രീയവിമർശനം മാത്രമാണ്. മുൻ ആരോഗ്യ മന്ത്രിയുടെ അത്രപോലും പ്രാപ്തി ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് ഇല്ലെന്നു പ്രസംഗിച്ചത് എങ്ങനെയാണ് സ്ത്രീത്വത്തെ അപമാനിക്കലാവുക? ശാരീരികപീഡനത്തിനും സൈബർ ആക്രമണത്തിനും വനിതകളും പെൺകുട്ടികളും ഇരയാകുമ്പോൾ ഉറങ്ങുന്ന കമ്മിഷൻ ഷാജിക്കെതിരെ കേസെടുത്തതിന്റെ ചേതോവികാരം സാമാന്യ ബോധമുള്ള എല്ലാവർക്കും മനസ്സിലാവും. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഇത്തരം വേട്ടയാടലുകൾ കൊണ്ട് ഭയപ്പെടുന്നയാളല്ല ഷാജിയെന്ന് സി.പി.എം ഓർത്താൽ കൊള്ളാമെന്നും ചെന്നിത്തല പറഞ്ഞു.