വിവാഹ വാഗ്ദാനം നല്കി യുവതിയുടെ പണവും സ്വർണവും തട്ടി മുങ്ങിയ പ്രതി പിടിയിൽ
കണ്ണൂർ: വിവാഹ വാഗ്ദാനം നല്കി വിളിച്ചുവരുത്തിയ യുവതിയുടെ പണവും സ്വർണവും തട്ടിയെടുത്ത കേസിൽ പ്രതി മാതമംഗലം വെള്ളോറ സ്വദേശി ബിജു ആന്റണി (43) എന്ന പൊറോട്ട ബിജു പിടിയിൽ. വിവാഹ വാഗ്ദാനം നൽകി കണ്ണൂരിലെ ഹോട്ടലിലെത്തിച്ച യുവതിയുടെ ബാഗുമായി കടന്നുകളഞ്ഞ പ്രതിയെയാണ് ടൗൺ ഇൻസ്‌പെക്ടർ പി.എ ബിനുമോഹനും സംഘവും മണിക്കൂറുകൾക്കുള്ളിൽ വയനാട് തലപ്പുഴയിൽ വച്ച് പിടികൂടിയത്. പാലക്കാട് സ്വദേശിനിയുടെ 40,000 രൂപയും മുക്കാൽ പവന്റെ സ്വർണ ലോക്കറ്റ്, മൊബൈൽ ഫോൺ, ആധാർ, പാൻ, എ.ടി.എം കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയടങ്ങിയ ബാഗാണ് ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കണ്ണൂർ പ്ലാസ ജംഗ്ഷനിലെ ഒരു ഹോട്ടലിൽ നിന്ന് ബിജു കവർന്നത്.
പത്രത്തിൽ വിവാഹ പരസ്യം വഴി പരിചയപ്പെട്ട പ്രതിയെ കാണാനായി കണ്ണൂരിലെത്തിയതായിരുന്നു യുവതി. പാലക്കാട് ജുവലറി ജീവനക്കാരിയായ യുവതിയെ ഓർഫനേജിലെ താമസക്കാരനാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു ചെമ്പൻന്തൊട്ടിയിൽ താമസിക്കുന്ന പ്രതി കണ്ണൂരിലെത്തിച്ചത്. ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ എത്തിയ സമയത്താണ് പ്രതി ബാഗുമായി കടന്നു കളഞ്ഞത്. ഭക്ഷണം ഓർഡർ എടുക്കാൻ വന്ന വെയിറ്ററോട് ഒരാൾ കൂടി വരാനുണ്ടെന്ന് യുവതി പറഞ്ഞിരുന്നു. വഞ്ചിക്കപ്പെട്ടതറിയാതെ യുവതി അര മണിക്കൂറോളം ഹോട്ടലിൽ കാത്തിരുന്നു. ഒടുവിൽ പരാതിയുമായി ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ഇയാൾക്കെതിരെ കുമ്പള, മലപ്പുറം സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ട്. എസ്.ഐമാരായ സി.എച്ച് നസീബ്, സവ്യസാചി, എ.എസ്.ഐമാരായ അജയൻ, രഞ്ജിത്ത്, സി.പി.ഒമാരായ നാസർ, രാജേഷ്, വിനിൽ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.