 ഓൺലൈൻ ലോട്ടറി വീട്ടമ്മയിൽ നിന്ന് 1.12 കോടി തട്ടിയ 4 ഉത്തരേന്ത്യക്കാർ പിടിയിൽ

Wednesday 27 September 2023 1:09 PM IST

തിരുവനന്തപുരം: ഓൺലൈൻ ലോട്ടറിയുടെ പേരിൽ എറണാകുളത്തെ വീട്ടമ്മയെ കബളിപ്പിച്ച് 1.12 കോടി തട്ടിയെടുത്ത ഉത്തരേന്ത്യക്കാരായ നാലുപേരെ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം റാഞ്ചിയിൽ നിന്ന് അറസ്റ്റു ചെയ്തു. ബീഹാർ സ്വദേശികളായ ജ്യോതിഷ് കുമാർ, മോഹൻകുമാർ, അജിത് കുമാർ, റാഞ്ചി സ്വദേശിയായ നീരജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.


ഇവരിൽ നിന്ന് 28 മൊബൈൽ ഫോണുകൾ, 85 എ.ടി.എം കാർഡുകൾ, 8 സിം കാർഡുകൾ, ലാപ്ടോപ്പ്, വിവിധ ബാങ്കുകളുടെ ചെക്കുകൾ, പാസ് ബുക്കുകൾ, 1.25 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു. പ്രതികളെ റാഞ്ചി കോടതിയിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കി എറണാകുളം കോടതിയിൽ എത്തിക്കും.

സ്നാപ് ഡീലിന്റെ ഉപഭോക്താക്കൾക്കായി 'സ്നാപ് ഡീൽ ലക്കി ഡ്രോ' എന്ന പേരിൽ നടത്തിയ നറുക്കെടുപ്പിൽ ഒന്നരക്കോടി സമ്മാനം ലഭിച്ചതായി വീട്ടമ്മയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സമ്മാനത്തുക ലഭിക്കുന്നതിന് സർവീസ് ചാ‌ർജ് എന്നപേരിൽ പലപ്പോഴായി പ്രതികൾ വീട്ടമ്മയിൽ നിന്ന് 1.12 കോടി വിവിധ അക്കൗണ്ടുകളിലൂടെ തട്ടിയെടുത്തു. തട്ടിച്ച പണം ക്രിപ്‌റ്റോ കറൻസി ആക്കി മാറ്റി.

ആയിരത്തോളം ഫോൺ നമ്പറുകളും അഞ്ഞൂറോളം രേഖകളും 250ഓളം ബാങ്ക് അക്കൗണ്ട് രേഖകളും പരിശോധിച്ചാണ് പ്രതികൾ റാഞ്ചിയിൽ ഉണ്ടെന്ന് കണ്ടെത്തിയത്. റാഞ്ചിയിലെ ഉൾപ്രദേശത്തെ ഒളിത്താവളത്തിൽ നിന്നാണ് പിടികൂടിയത്.

കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസിനാണ് വീട്ടമ്മ പരാതി നൽകിയത്. പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസ് കൈമാറിയത്.

രാജ്യത്തുടനീളം

സമാന തട്ടിപ്പ്

പ്രതികൾ രാജ്യത്തുടനീളം സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇന്റർനെറ്റ് ബാങ്കിംഗിന്റെ പാസ് വേഡ് കൈക്കലാക്കിയശേഷം യഥാർത്ഥ അക്കൗണ്ട് ഉടമകളുടെ ഫോൺ നമ്പറുകൾക്ക് പകരം സ്വന്തം ഫോൺ നമ്പർ അക്കൗണ്ടിൽ ബന്ധിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തുന്നത്. അതിനാൽ അക്കൗണ്ട് ഉടമ തട്ടിപ്പ് അറിയില്ല. ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.