ഇതും   ഒരു  അദ്ധ്യാപകൻ:  പത്തുവയസുകാരനെ  ശിക്ഷിച്ചത്   പൊലീസുകാർ   പോലും  താേൽക്കുന്ന  വിധത്തിൽ, വീഡിയോ

Tuesday 26 September 2023 10:42 AM IST

പഞ്ചാബ്: സ്കൂൾ വിദ്യാ‌ർത്ഥിക്ക് നേരെ അദ്ധ്യാപകന്റെ കണ്ണില്ലാത്ത ക്രൂരത. പത്ത് വയസുളള വിദ്യാർത്ഥിയുടെ കൈകാലുകൾ ബലമായി ഇരുവശത്തേക്ക് പിടിച്ചുവച്ച് വടികൊണ്ട് ക്രൂരമായി അദ്ധ്യാപകൻ മർദ്ദിക്കുകയായിരുന്നു . ലുധിയാനയിലെ ബാലവികാസ് സ്‌കൂളിലാണ് ‌ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുട്ടിയെ അദ്ധ്യാപകൻ നിരന്തരമായി മർദ്ദിച്ചിരുന്നുയെന്ന് റിപ്പോർട്ട്.സംഭവത്തിൽ ഷെർപൂർ കലാൻ സ്വദേശിയായ ശ്രീ ഭഗവാൻ എന്ന അദ്ധ്യാപകനെ പൊലീസ് അറസ്​റ്റ് ചെയ്തിട്ടുണ്ട്. വിവരം വീട്ടിൽ അറിയിക്കരുതെന്നും അല്ലാത്ത പക്ഷം കുട്ടിയെ സ്‌കൂളിൽ നിന്നും പുറത്താക്കുമെന്നും അദ്ധ്യാപകൻ ഭീഷണിമുഴക്കിയിരുന്നു. എന്നാൽ വീട്ടിലെത്തിയ കുട്ടിക്ക് നടക്കാൻ ബുദ്ധിമുട്ടുളളതായി മനസിലാക്കിയ മാതാവ് കുട്ടിയിൽ നിന്നും വിവരം ചോദിച്ചറിയുകയായിരുന്നു.

തുടർന്ന് പ്രാഥമിക ചികിത്സയ്ക്കായി കുട്ടിയെ മാതാവ് അടുത്തുളള ആശുപത്രിയിൽ എത്തിച്ചു.കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.

അടുത്തിടെയാണ് ഉത്തർപ്രദേശിലും സമാന സംഭവം അരങ്ങേറിയത് .രണ്ടാം ക്ലാസുകാരനെ അദ്ധ്യാപിക മറ്റ് വിദ്യാർത്ഥികളെകൊണ്ട് മർദ്ദിപ്പിച്ച സംഭവം രാജ്യമൊട്ടാകെ കടുത്ത പ്രതിക്ഷേധത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ മാസം 24 ന് മുസാഫർ നഗറിലെ പബ്ലിക് സ്‌കൂളിലാണ് സംഭവം നടന്നത്.

ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അദ്ധ്യാപികയായ തൃപ്തി ത്യാഗിക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

തനിക്ക് തെ​റ്റ് പ​റ്റി പോയെന്നും അദ്ധ്യാപിക വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചിരുന്നു. കുട്ടി പഠിക്കണമെന്നായിരുന്നു ഉദ്ദേശ്യം എന്നും എഴുന്നേൽക്കാൻ ബുദ്ധിമുട്ടുളളത് കൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിച്ചത് എന്നായിരുന്നു പ്രതികരണം. അതേസമയം ഏകദേശം ഒരു മണിക്കൂർ നേരം തന്നെ സഹപാഠികൾ മർദ്ദിച്ചുയെന്നും രണ്ടാം ക്ലാസുകാരൻ പൊലിസിന് മൊഴി നൽകിയിരുന്നു.