നടി വഹീദ റഹ്മാന് ദാദാസാഹേബ് ഫാൽക്കേ അവാർഡ്

Tuesday 26 September 2023 1:35 PM IST

മുംബയ്: ബോളിവുഡ് താരറാണിയായിരുന്ന വഹീദ റഹ്മാന് ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം. 2021ലെ അവാർഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പുരസ്‌കാരവിവരം അറിയിച്ചത്. 85കാരിയായ വഹീദ റഹ്മാനെ രാജ്യം പദ്‌മഭൂഷൺ, പദ്മ‌ശ്രീ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതിയാണ് ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം.

പ്യാസ, കാഗസ് കേ ഫൂൽ, ചൗദവി കാ ചാന്ത്, സാഹേബ് ബീവി ഓർ ഗുലാം, ഗൈഡ്, ഘാമോഷി എന്നിവയാണ് വഹീദ റഹ്മാന്റെ ശ്രദ്ധേയ ചിത്രങ്ങൾ. അഞ്ച് നൂറ്റാണ്ട് നീണ്ട അഭിനയസപര്യയിൽ നിരവധി വേഷങ്ങൾ അവതരിപ്പിക്കാൻ ഈ അനുഗ്രഹീത കലാകാരിക്ക് കഴിഞ്ഞു.

തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിൽ 1938 ഫെബ്രുവരി 3നാണ് വഹീദാ റഹ്മാൻ ജനിച്ചത്. 90ൽ അധികം ചിത്രങ്ങിൽ അഭിനയിച്ചു. 1955ൽ പുറത്തിറങ്ങിയ തെലുങ്കു ചിത്രം രോജുലു മാരായിയിലൂടെയാണ് അരങ്ങേറ്റം.