മാളവിക ജയറാമിന്റെ പ്രണയ ചിത്രവും, കാളിദാസിന്റെ 'അളിയാ' വിളിയും
ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയുടെ പ്രണയ ചിത്രമാണ് സമൂഹമാദ്ധ്യമത്തിൽ വൈറൽ. ആഹ്ളാദഭരിതയായ മാളവികയെ കാമുകൻ ചേർത്തുപിടിക്കുകയാണെന്ന് ആരാധകർ. എന്റെ സ്വപ്നം സഫലമാവാൻ പോവുന്നു എന്ന കുറിപ്പോടെയാണ് കാമുകനൊപ്പമുള്ള ചിത്രം മാളവിക പങ്കുവച്ചത്. എന്നാൽ കൂടെയുള്ളതാരെന്ന് വ്യക്തമല്ല. അളിയാ... എന്ന് ചിത്രത്തിനു താഴെ കാളിദാസ് ജയറാം കുറിച്ചതോടെ ചിത്രം പിന്നെയും വൈറലായി മാറി.
കാളിദാസിനും ജയറാമിനും പാർവതിക്കൊപ്പവുമുള്ള ചിത്രവും താരപുത്രി പങ്കുവച്ചതോടെ മാളവികയുടെ വിവാഹ വാർത്തയും ചർച്ചയായി മാറി. വിവാഹം ഉറപ്പിച്ചോ, ആരാണ് ഈ പുതിയ അംഗം, ഭാവി വരനെ കാട്ടാത്തത് എന്ത് എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. അതേസമയം, കാറിനുള്ളിൽ നിന്നുള്ള ആരുടെയും മുഖം കാട്ടാത്ത രീതിയിൽ രണ്ടു കൈകൾ ചേർത്ത് പിടിക്കുന്ന ചിത്രം മാളവിക കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഇതോടെ മാളവിക പ്രണയത്തിലാണോ എന്ന ചോദ്യം ഉയർന്നതിനു പിന്നാലെയാണ് പുതിയ ചിത്രം പങ്കുവച്ചത്. അധികം വൈകാതെ ഇത് വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സമൂഹമാദ്ധ്യമത്തിൽ സജീവമായ മാളവിക പരസ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതോടെ മാളവികയുടെ സിനിമയിലേക്കുള്ള വരവും ഏറെ ചർച്ച ചെയ്യപ്പെട്ടു. അഭിനയക്കളരിയിലും പങ്കെടുത്തിട്ടുണ്ട്. അതേസമയം കാളിദാസ് ജയറാം പ്രണയത്തിലാണെന്ന വിവരം മുൻപേ പുറത്തു വന്നതാണ്. പ്രണയിനി തരിണി കലിംഗരായർക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം കാളിദാസ് പങ്കുവച്ചിട്ടുണ്ട്.