കരുവന്നൂരിൽ നിന്ന് തട്ടിയെടുത്ത തുക സ്ഥിര നിക്ഷേപമാക്കി; അരവിന്ദാക്ഷൻ 50 ലക്ഷം കൈപ്പറ്റിയതായി റിമാൻഡ് റിപ്പോർട്ട്

Tuesday 26 September 2023 9:20 PM IST

തൃശ്ശൂർ: വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സി പി എം നേതാവുമായ പി ആർ അരവിന്ദാക്ഷന് കരുവന്നൂരിൽ 50 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപമുള്ളതായി റിമാൻഡ് റിപ്പോർട്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കേസിലെ മുഖ്യപ്രതിയായ സതീഷിനെ സഹായിച്ച വകയിൽ ലഭിച്ച തുകയാണ് ഇതെന്നും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ബിനാമി വായ്പയിലൂടെ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് തട്ടിയെടുത്ത തുകയുടെ ഭാഗമാണ് സതീഷ് കുമാർ, അരവിന്ദാക്ഷന് കൈമാറിയതെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. തട്ടിപ്പ് നടത്താൻ അരവിന്ദാക്ഷന്റെ ബോധപൂർവമുള്ള സഹായം സതീഷിന് ലഭിച്ചിരുന്നതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കിരൺ വെട്ടിച്ച 24 കോടിയിൽ നിന്ന് 25 ലക്ഷം രൂപ അരവിന്ദാക്ഷന് കൈമാറിയതായും സതീഷും സഹോദരൻ ശ്രീജിത്തും സമാനമായി പണം കൈമാറിയിരുന്നതായും സാക്ഷി മൊഴി ലഭിച്ചിട്ടുണ്ട്. പണമിടപാടിലെ ഇടനിലക്കാരനായിരുന്നു അരവിന്ദാക്ഷനെന്നും ഇ ഡി ആരോപിക്കുന്നു.

കേസിൽ അറസ്റ്റിലായ പി ആർ അരവിന്ദാക്ഷനെയും മുൻ ബാങ്ക് അക്കൗണ്ടന്റ് ജിൻസിനെയും എറണാകുളം സബ് ജയിലേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇ ഡിയുടെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും.

Advertisement
Advertisement