പീഡനക്കേസ് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു, തെളിവ് നശിപ്പിക്കാൻ അവസരമൊരുക്കി; പീരുമേട് ഡി വൈ എസ് പിയ്‌ക്ക് സസ്‌പെൻഷൻ

Tuesday 26 September 2023 9:21 PM IST

ഇടുക്കി: 35കാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച സംഭവത്തിൽ ഡിവൈ.എസ്.പിയ്‌ക്ക് സസ്‌പെൻഷൻ. പീരുമേട് ഡിവൈ എസ് പി കുര്യാക്കോസിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഇടുക്കി എസ് പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ ശേഷം തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് കുര്യാക്കോസിനെ സസ്‌പെൻഡ് ചെയ്‌തത്.

മേയ് എട്ടിന് രാജസ്ഥാൻ സ്വദേശിനിയായ 35കാരിയെ കട്ടപ്പനയിൽ വസ്‌തു വ്യാപാരം നടത്തുന്ന രണ്ടുപേർ സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട ശേഷം കുമളിയിൽ വിളിച്ചുവരുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. യുവതിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

സംഭവത്തിന് പിന്നാലെ 35 ലക്ഷം രൂപയുടെ സ്വർണവും കവർന്ന പാലാ സ്വദേശി മാത്യൂസ് തോമസ്, കുമളി സ്വദേശിയായ സക്കീർ മോൻ എന്നിവർക്കെതിരെ പൊലീസിൽ യുവതി പരാതിപ്പെട്ടു. എന്നാൽ ഡിവൈ എസ് പിയുടെ ഇടപെടലിന് പിന്നാലെ കേസിൽ അറസ്‌റ്റുണ്ടായില്ല. പ്രതികൾ ഡൽഹിയിലേക്ക് കടക്കുകയും ചെയ്‌തു. പിന്നീട് ജൂൺ 15നാണ് പ്രതികളെ ഇവിടെ നിന്ന് പൊലീസ് പിടികൂടിയത്. ഡിവൈ എസ് പിയുടെ ഇടപെടലിനെക്കുറിച്ചുള്ള വിവരത്തിന് പിന്നാലെ കേസന്വേഷിച്ച ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുത്തതിന് പിന്നാലെയാണ് കുര്യാക്കോസിനെതിരെ അച്ചടക്ക നടപടിയെടുത്തത്.