ഇ ഡിയുടെ ലക്ഷ്യം സഹകരണ പ്രസ്ഥാനത്തേയും ഇടതുപക്ഷത്തേയും തകര്‍ക്കുക; അരവിന്ദാക്ഷന്റെ അറസ്റ്റിൽ പ്രതിഷേധ പ്രസ്താവനയിറക്കി സിപിഎം

Tuesday 26 September 2023 10:47 PM IST

തൃശ്ശൂർ: വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഎം നേതാവുമായ പി ആർ അരവിന്ദാക്ഷനെ ഇ ഡി അറസ്റ്റ് ചെയ്തതിൽ സിപിഎം പ്രസ്താവനയിലൂടെ പ്രതിഷേധമറിയിച്ചു. ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും കള്ളമൊഴി രേഖപ്പെടുത്താനുള്ള ശ്രമം തുറന്നുകാണിച്ചതിനാണ് അരവിന്ദാക്ഷനെ ഇ ഡി അറസ്റ്റ് ചെയ്തതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ സാമ്പത്തിക നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. അതിന് ബദലുയര്‍ത്തുന്നവിധം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സഹകരണ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ നയമാണ്. അതിന്റെ ഭാഗമായാണ് സഹകരണ പ്രസ്ഥാനത്തേയും, അതിനെ വളര്‍ത്തി മുന്നോട്ടുകൊണ്ടുപോകുന്ന ഇടതുപക്ഷ പ്രസ്ഥാനത്തേയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍. സിപിഎം പ്രസ്താവനയിലൂടെ അറിയിച്ചു.

ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുള്ള അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തിയും, മര്‍ദ്ദിച്ചും കള്ളമൊഴി രേഖപ്പെടുത്തുവാനുള്ള ശ്രമം ഇ.ഡിയുടെ ഭാഗത്ത് നിന്നുണ്ടായി. അത് തുറന്നുകാട്ടിയ അരവിന്ദാക്ഷനെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അവരുടെ പരാതി പോലീസിന്റെ മുമ്പില്‍ നില്‍ക്കുകയാണ്. ഈ ഘട്ടത്തിലാണ് അറസ്റ്റുണ്ടായത് എന്നത് ഇതിന്റെ പിന്നിലുള്ള താല്‍പര്യം വ്യക്തമാക്കുന്നതാണ്.

സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതിനാണ് പാര്‍ട്ടിയും, സംസ്ഥാന സര്‍ക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ സഹകരണ പ്രസ്ഥാനത്തേയും, അതിനെ ശക്തിപ്പെടുത്താന്‍ നിലകൊള്ളുകയും ചെയ്യുന്ന ഇടതുപക്ഷത്തേയും ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം നീക്കങ്ങളെ രാഷ്ട്രീയമായും, നിയമപരമായും നേരിട്ട് മുന്നോട്ടുപോകും. നാടിന്റെ ജനാധിപത്യ അന്തരീക്ഷത്തേയും, സഹകരണ പ്രസ്ഥാനത്തേയും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ജനങ്ങളുടേയും പിന്തുണയുണ്ടാകണമെന്നും സിപിഎം പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.