ഗുളികരൂപത്തിൽ ശരീരത്തിലൊളിപ്പിച്ച് കടത്തിയത് 54 ലക്ഷം രൂപയുടെ സ്വർണം; മലപ്പുറം സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ

Tuesday 26 September 2023 11:25 PM IST

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 54 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി നിധീഷാണ് പിടിയിലായത്. 1164.47 ഗ്രാം സ്വർണമിശ്രിതം ഗുളിക രൂപത്തിൽ ശരീരഭാഗത്ത് ഒളിപ്പിച്ചാണ് ഇയാൾ കൊണ്ടുവന്നത്.

ദിവസങ്ങൾക്ക് മുൻപും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് കേസുകളിൽ രണ്ട് യാത്രക്കാരിൽ നിന്നായി ഒരുകോടിരൂപ വിലവരുന്ന 2157 ഗ്രാം അനധികൃത സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. കോലാലമ്പൂരിൽനിന്ന് കൊച്ചിയിലേക്ക് വന്ന എയർ ഏഷ്യ വിമാനത്തിലെ യാത്രക്കാരനിൽ നിന്നും നാല് ക്യാപ്സൂളുകളാക്കി മലദ്വാരത്തിൽ സൂക്ഷിച്ച 1091 ഗ്രാം സ്വർണവും ദോഹയിൽ നിന്ന് കൊച്ചിയിലേക്കുവന്ന യാത്രക്കാരനിൽനിന്ന് 1066 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ദോഹയിൽ നിന്നുള്ള യാത്രക്കാരനും മൂന്ന് ക്യാപ്സൂളുകളാക്കി മലദ്വാരത്തിലാണ് അനധികൃത സ്വർണം സൂക്ഷിച്ചിരുന്നത്.