ഇ.ഡിയെ ശക്തിപ്പെടുത്തിയ വിധി റിവ്യൂ ചെയ്യാൻ പ്രത്യേക ബെഞ്ച്
ന്യൂഡൽഹി: ഇ.ഡിയുടെ വിശാല അധികാരങ്ങൾ ശരിവച്ച വിധി പുനഃപരിശോധിക്കണമെന്ന ഹർജികളിൽ വാദം കേൾക്കാൻ മൂന്നംഗ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, സഞ്ജീവ് ഖന്ന, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ഒക്ടോബർ 18ന് വാദം കേൾക്കും.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അറസ്റ്റിനുൾപ്പെടെ ഇ.ഡിയുടെ അധികാരവും, നിയമ വ്യവസ്ഥകളുടെ ഭരണഘടനാ സാധുതയും കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ ഐ.എൻ.എക്സ് മീഡിയ കേസ് പ്രതിയും, കോൺഗ്രസ് നേതാവുമായ കാർത്തി ചിദംബരം അടക്കമാണ് റിവ്യൂഹർജികൾ സമർപ്പിച്ചത്. പുന:പരിശോധനയ്‌ക്ക് ഹർജിക്കാർ നിരത്തിയ കാരണങ്ങൾ, വിധി പുറപ്പെടുവിച്ച ബെഞ്ച് പരിഗണിച്ചോ എന്നാവും പ്രധാനമായി നോക്കുന്നതെന്ന് ജസ്റ്രിസ് എസ്.കെ. കൗൾ ഇന്നലെ വ്യക്തമാക്കി. അന്നത് പരിഗണിച്ചിട്ടില്ലങ്കിൽ വിശാല ബെഞ്ചിന് വിടുമെന്നും സൂചിപ്പിച്ചു.
2022 ജൂലായ് 27നാണ് വിജയ് മദൻലാൽ ചൗധരി കേസിൽ ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
പുന:പരിശോധന എന്തെല്ലാം
ഇ.ഡി പൊലീസല്ലെന്നും, ആഭ്യന്തര രേഖയായ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടിന്റെ (ഇ.സി.ഐ.ആർ) പകർപ്പ് പ്രതിക്ക് കൊടുക്കേണ്ടതില്ലെന്നുമുള്ള ഉത്തരവ്
ഇ.ഡിയുടെ ഇ.സി.ഐ.ആറും, പൊലീസിന്റെ എഫ്.ഐ.ആറും ഒന്നല്ലെന്ന നിലപാട്
നിരപരാധിയെന്ന് തെളിയിക്കേണ്ട ബാദ്ധ്യത കുറ്റാരോപിതനാണെന്ന കണ്ടെത്തൽ
ജാമ്യത്തിന് ഇരട്ട നിബന്ധനയെന്ന നിയമത്തിലെ വ്യവസ്ഥ
ജാമ്യം ലഭിക്കാൻ, പ്രതി കുറ്റം ചെയ്തില്ലെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങൾ വേണം. ജാമ്യത്തിൽ നിൽക്കുമ്പോൾ കുറ്റം ആവർത്തിക്കില്ലെന്ന് ഉറപ്പുണ്ടാകണം തുടങ്ങിയ വ്യവസ്ഥകൾ