ചന്ദ്രനിൽ പ്രതീക്ഷകൾ മങ്ങി: ഇനിയുണരാതെ ഉറങ്ങുമോ ലാൻഡറും റോവറും

Wednesday 27 September 2023 12:55 AM IST

തിരുവനന്തപുരം: പ്രതീക്ഷ മങ്ങി. ചന്ദ്രനിൽ ലാൻഡറും റോവറും ഇനി ഉണർന്നേക്കില്ല. ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ നേടിയ ലാൻഡറും റോവറും സെപ്തംബർ രണ്ടിന് കാലാവധി പൂർത്തിയാക്കി. എങ്കിലും 22ന് വീണ്ടും ഉണർന്നാൽ വലിയ നേട്ടമാകുമായിരുന്നു. ആ പ്രതീക്ഷയിലായിരുന്നു രാജ്യം.

സ്ലീപ് മോഡിലുള്ള വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിക്കുന്നില്ല. ഓരോ മണിക്കൂർ കഴിയുന്തോറും അതിനുള്ള സാധ്യത മങ്ങുന്നു.

ഭൂമിയിലെ ഒരു ചാന്ദ്രപക്ഷമായ 14 ദിവസം പ്രവർത്തിക്കാനാണ് ദൗത്യം രൂപകൽപ്പന ചെയ്തത്. ലാൻഡറും റോവറും ഇരിക്കുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചാൽ ഉണർന്നേക്കാം എന്നായിരുന്നു ഐഎസ്ആർഒയുടെ പ്രതീക്ഷ. ചന്ദ്രയാൻ 3 അതിന്റെ ശാസ്ത്രലക്ഷ്യം പൂർത്തിയാക്കിയതോടെ ചന്ദ്രനിലെ സൂര്യാസ്തമയത്തിന് മുന്നോടിയായി ഉപകരണങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും നിറുത്തി സ്ലീപ്പ് മോഡിലേക്ക് മാറ്റി. ദൗത്യത്തിന്റെ ആയുസ് നീട്ടാനായിരുന്നു ഇത്.

വിക്രം, പ്രജ്ഞാൻ എന്നിവയിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാന്ദ്ര രാത്രിയിലെ ശൈത്യത്തെ അതിജീവിക്കും വിധം രൂപകൽപ്പന ചെയ്തതല്ല. താപനില മൈനസ് 200 ഡിഗ്രിയിൽ താഴെയായി. ഈ കൊടും തണുപ്പിൽ ഇലക്ട്രോണിക് ഉകരണങ്ങൾ മരവിച്ച് നശിപ്പിക്കാം. എങ്കിലും

പേടകം അതിജീവിച്ചേക്കുമെന്നും സെപ്തംബർ 22ന് സൂര്യനുദിക്കുന്നതോടെ പുനരുജ്ജീവിപ്പിക്കാമെന്നും ശാസ്ത്രജ്ഞർ പ്രതീക്ഷിച്ചു. സൂര്യപ്രകാശം ലഭിക്കുന്നതോടെ ബാറ്ററികൾ റീചാർജ് ചെയ്യാമെന്നും കരുതി.

വീണ്ടും ഉണർന്നില്ലെങ്കിലും, ചന്ദ്രയാൻ 3 വലിയ വിജയമാണ്. ചന്ദ്രനിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യാനുള്ള ഇന്ത്യയുടെ കഴിവ് തെളിയിക്കുകയായിരുന്നു പ്രാഥമിക ലക്ഷ്യം.

അത് നേടി. റോവർ 100 മീറ്റർ സഞ്ചരിച്ച് നിരവധി മൂലകങ്ങളുടെ സാന്നിധ്യവും കണ്ടെത്തി. മറ്റൊരു അന്താരാഷ്ട്രദൗത്യത്തിനും കഴിയാത്ത, സൾഫർ സാന്നിധ്യത്തിന്റെ തെളിവുകൾ റോവർ ശേഖരിച്ചതാണ് ഏറ്റവും വലിയ നേട്ടം.