കാശ്മീരിലെ സൈനിക ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ചു; വ്യോമസേന ഉദ്യോഗസ്ഥന് എയ്ഡ്സ്, 1.54 കോടി നഷ്ടപരിഹാരം
ന്യൂഡൽഹി: സൈനിക ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ചതിന് പിന്നാലെ എച്ച്‌ഐവി (എയ്ഡ്സ്) രോഗബാധിതനായ സൈനികന് 1.54 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവ്. ഇന്ത്യൻ വ്യോമസേനയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് ഗുരുതരമായ ചികിത്സ വീഴ്ചയ്ക്ക് ഇരയായത്. 2002ൽ 'ഓപ്പറേഷൻ പരാക്രം' നടക്കുന്നതിനിടെ ജമ്മു കാശ്മീരിൽ വച്ച് ചികിത്സ തേടിയ ഉദ്യോഗസ്ഥനാണ് പിന്നീട് നടത്തിയ പരിശോധനയിൽ എച്ച്‌ഐവി സ്ഥിരീകരിച്ചത്.
ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ദിപൻകർ ദത്ത എന്നിവരുടെ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്. ദേശത്തോടുള്ള കടമയും സ്‌നേഹവും കൊണ്ടാണ് ആളുകൾ സായുധ സേനകളിൽ അംഗമാകുന്നത്. എന്നാൽ ഈ കേസിൽ ഉത്തരവാദിയായവർ ഇരയുടെ മൗലിക അവകാശം, അനുകമ്പ, ബഹുമാനം എന്നിവയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിച്ചെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിൽ വ്യോമസേനയെയും കരസേനയെയും കുറ്റപ്പെടുത്തിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.
രണ്ട് സേനകൾക്കും വീഴ്ചയിൽ ഉത്തരവാദിത്തമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ചികിത്സ പിഴവിന് ഇരയായ സൈനികന് ആറ് ആഴ്ചയ്ക്കുളളിൽ നഷ്ട പരിഹാരം നൽകണം. സൈനികൻ രക്തം സ്വീകരിച്ച ആശുപത്രി കരസേനയുടേതാണ്. നഷ്ടപരിഹാരം കരസേനയിൽ നിന്ന് ഈടാക്കണോ എന്ന കാര്യം വ്യോമസേനയ്ക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇതോടൊപ്പം സൈന്യത്തിൽ നിന്നും ലഭിക്കേണ്ട കുടിശികയും മറ്റ് ആനുകൂല്യങ്ങളും ആറ് ആഴ്ചയ്ക്കുള്ളിൽ നൽകണമെന്നും ഉത്തരവിൽ പറയുന്നു. ചികിത്സ പിഴവ് മൂലമുണ്ടായ വേദന എത്ര നഷ്ടപരിഹാരം ലഭിച്ചാലും പൂർണമായും സുഖപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
കാശ്മീരിലെ ചികിത്സ കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് സൈനികന് ശാരീരികമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. തുടർന്ന് 2014ൽ നടത്തിയ പരിശോധനയിൽ എച്ച്‌ഐവി സ്ഥിരീകരിച്ചു. 2002ലെ ചികിത്സയുടെ മെഡിക്കൽ റെക്കോർഡ് പരിശോധിച്ച സംഘം രോഗത്തിന് കാരണം അന്വേഷിച്ചപ്പോഴാണ് രക്തം സ്വീകരിച്ചത് വഴിയാണ് എച്ച്‌ഐവി ബാധിച്ചതെന്ന് കണ്ടെത്തി. 2016ൽ ഇദ്ദേഹം സൈന്യത്തിൽ നിന്നും വിരമിച്ചു. പിന്നാലെ കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷിച്ചെങ്കിലും നിരസിച്ചു.
2001ൽ പാർലമെന്റിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് 'ഓപ്പറേഷൻ പരാക്രം' എന്ന പേരിൽ ഇന്ത്യ സൈനിക നീക്കം നടത്തിയത്. ഈ നീക്കത്തിന്റെ ഭാഗമായി അതിർത്തിയിൽ നിയോഗിച്ച സൈനികനായിരുന്നു ഇദ്ദേഹം. അതിർത്തിയിൽ വച്ച് പരിക്കേറ്റതിന് പിന്നാലെ ജമ്മു കാശ്മീരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു യൂണിറ്റ് രക്തം സ്വീകരിച്ചതാണ് എച്ച്‌ഐവി രോഗ ബാധയ്ക്ക് കാരണമായത്.