'കഴിഞ്ഞ രണ്ട് മാസമായി അവനുള്ള ഭക്ഷണം വിളമ്പി ഞങ്ങൾ കാത്തിരിക്കുകയാണ്, എന്റെ കുഞ്ഞിനെ കൊന്നവർ ശിക്ഷിക്കപ്പെടണം'; മണിപ്പൂരിൽ കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ മാതാപിതാക്കൾ

Wednesday 27 September 2023 12:19 PM IST

ഇംഫാൽ: മകനെ തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ രണ്ട് മാസമായി കാത്തിരിക്കുകയായിരുന്നുവെന്ന് മണിപ്പൂരിൽ അക്രമികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ വിദ്യാർത്ഥിയുടെ പിതാവ്. എല്ലാ പ്രതീക്ഷകളും അവസാനിച്ചെന്നും വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.

'മകനെ കാണാതായ ദിവസം രാവിലെ അവൻ വിശക്കുന്നുവെന്ന് പറഞ്ഞ് എന്നെ വിളിച്ചുണർത്തി. പ്രഭാതഭക്ഷണം കഴിക്കാൻ 30 രൂപ ചോദിച്ചു. ഞാൻ കിടക്കുകയായിരുന്നതിനാൽ എന്റെ പോക്കറ്റിൽ നിന്ന് കാശ് എടുക്കാൻ അവനോട് പറഞ്ഞു. അവൻ തിരിച്ച് വരുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ രണ്ടുമാസമായി ദിവസവും അവനുവേണ്ട പ്രഭാതഭക്ഷണം ഒരുക്കി കാത്തിരിക്കുകയാണ്. ഞങ്ങളുടെ എല്ലാ പ്രതീക്ഷയും അവസാനിച്ചു.പൊലീസ് വേണ്ട നടപടി സ്വീകരിക്കുമെന്നും എന്റെ മകന് നീതി ലഭിക്കുമെന്നുമാണ് പ്രതീക്ഷ. '- കൊല്ലപ്പെട്ട ഫിജാം ഹേംജിത്തിന്റെ പിതാവ് പറഞ്ഞു.

' നീറ്റ് പരീക്ഷയ്‌ക്കുള്ള പരിശീലനത്തിനായാണ് എന്റെ മകൾ ജൂലായ് ആറിന് രാവിലെ പുറത്തേക്ക് പോയത്. അവളെ കാണാതായപ്പോൾ ഫോണിൽ വിളിച്ച് നോക്കി. പേടിച്ച് വിറച്ചാണ് അവൾ സംസാരിച്ചത്. നംബാലിലുണ്ടെന്നായിരുന്നു പറഞ്ഞത്. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ ഫോൺ സ്വിച്ച് ഒഫ് ആയി. എന്റെ കുഞ്ഞിനെ കൊന്നവർ ശിക്ഷിക്കപ്പെടണം. അവൾക്ക് നീതി ലഭിക്കണം.' - ഹിജാം ലിന്തോയിങ്കമ്പിയുടെ മാതാവ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മെയ്‌തി വിഭാഗത്തിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളും കൊല്ലപ്പെട്ടുവെന്ന വിവരം പുറത്തുവന്നത്. ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആദ്യത്തെ ചിത്രത്തിൽ ഫിജാം ഹേംജിത്തും (20) ഹിജാം ലിന്തോയിങ്കമ്പി (17)യും പുൽത്തകിടിയിൽ ഇരിക്കുന്നത് കാണാം. അവർക്ക് പിന്നിൽ ആയുധധാരികളായ രണ്ടുപേർ നിൽക്കുന്നു. മറ്റൊരു ചിത്രത്തിൽ അവർ മരിച്ച് കിടക്കുന്നതാണ് കാണുന്നത്.