മോൺസ്റ്റർ താരത്തിന്റെ ദേഷ്യം ഇത്തിരി കൂടിപോയി, പ്രതികരിച്ച് സോഷ്യൽ മീഡിയ

Wednesday 27 September 2023 1:24 PM IST

മോഹൻലാൽ ചിത്രം മോൺസ്റ്ററിലൂടെ മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് നടിയാണ് ലക്ഷ്മി മഞ്ചു. താരത്തിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്,ദുബായിൽ വച്ച് നടന്ന ഒരു പരിപാടിക്കിടെ നടി പങ്കെടുത്ത ഒരു അഭിമുഖത്തിന്റെ വീഡിയോ ശകലങ്ങളാണ് ശ്രദ്ധേയമാകുന്നത്.

അഭിമുഖം തടസപ്പെടുത്തിയ ആളുകൾക്കെതിരെ താരം പ്രതികരിക്കുകയുണ്ടായി. ദുബായിലെ തെലുങ്ക് ആരാധകർക്ക് ലക്ഷ്മി നന്ദി പറയുന്നുണ്ട്. ഒരാൾ അഭിമുഖം തടസപ്പെടുത്തുന്ന തരത്തിൽ താരത്തിന്റെ മുൻപിൽ കൂടി പോകുമ്പോൾ അവർ അയാളുടെ തോളിൽ അടിക്കുന്നുണ്ട്. ശേഷം നടി സംസാരിച്ചുനിൽക്കുമ്പോൾ വീണ്ടും ഇത് ആവർത്തിക്കുന്നുണ്ട്.വേറൊരാൾ അത് വഴി കടന്നുപോകുന്നുണ്ട്. അയാളോട് ക്യാമറയ്ക്ക് പിന്നിലൂടെ കടന്നുപോകാനും താരം ആവശ്യപ്പെടുന്നുണ്ട്.

എക്സിൽ പങ്കുവച്ച വീഡിയോക്ക് പതിനായിരക്കണക്കിന് ലൈക്കുകളും നിരവധി പ്രതികരണങ്ങളും ലഭിച്ചു. താരത്തിന്റെ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ട്.

തെലുങ്ക് നടൻ മോഹൻ ബാബുവിന്റ മകളാണ് ലക്ഷ്മി മഞ്ജു. മോൺസ്റ്ററിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിൽ ലെസ്ബിയൻ കഥാപാത്രത്തെയാണ് ലക്ഷ്മി അവതരിപ്പിച്ചത്.