ജൂഡ് ആന്റണി ചിത്രം '2018' ഓസ്‌കാറിലേയ്‌ക്ക്; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി പ്രഖ്യാപിച്ചു

Wednesday 27 September 2023 2:35 PM IST

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്തത്രയും ദുരിതങ്ങൾ സമ്മാനിച്ച് കടന്നുപോയ വർഷമാണ് 2018. കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു അത്. ഈ മഹാപ്രളയത്തെ പശ്ചാത്തലമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് '2018 എവരിവൺ ഈസ് ഹീറോ'. ഈ ചിത്രം ഓസ്‌കാറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഗിരീഷ് കാസറവള്ളി നയിക്കുന്ന കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്.

2018ൽ കേരളം അനുഭവിച്ച ദുരന്തത്തിന്റെ കാഴ്ചകൾ ഒട്ടും തീവ്രത ചോരാതെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മഹാപ്രളയത്തെ കേരളം എങ്ങനെ നേരിട്ടുവെന്ന് ചിത്രത്തിൽ വ്യക്തമാണ്. മലയാളികളുടെ ഒത്തൊരുമയുടെയും മനോധൈര്യത്തിന്റെയും കഥ കൂടിയാണ് '2018'ൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം 100 കോടി ക്ലബിൽ ഇടംനേടിയിരുന്നു.

ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരെയ്‌ൻ, ലാൽ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ജോയ്‌ മാത്യു, ജിബിൻ, ജയകൃഷ്ണൻ, ഇന്ദ്രൻസ്, ഷെബിൻ ബക്കർ, സുധീഷ്, സിദ്ദിഖ്, തന്‌വി റാം, വിനീത കോശി, ഗൗതമി നായർ, ശിവദ, അപർണ ബാലമുരളി തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അഭിനയിച്ചിരുന്നു. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി കെ പത്മകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. അഖിൽ ജോർജ്ജായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം.

മോഹൻലാൽ ചിത്രമായ 'ഗുരു'വാണ് ഓസ്‌കാർ എൻട്രി ലഭിച്ച ആദ്യ മലയാള ചിത്രം. 2020ൽ ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ടിനും ഓസ്‌കാർ എൻട്രി ലഭിച്ചിരുന്നു.