സർവീസസ് നിയമം: അടിയന്തര വാദം കേൾക്കണമെന്ന് ഡൽഹി സർക്കാർ

Thursday 28 September 2023 12:10 AM IST

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന ഡൽഹി സർവീസസ് നിയമത്തിനെതിരെ സമർപ്പിച്ച ഹർജിയിൽ അഞ്ചംഗ ഭരണഘടന ബെഞ്ച് അടിയന്തരമായി വാദം കേൾക്കണമെന്ന് ആം ആദ്മി സർക്കാർ സുപ്രീംകോടതിയിൽ. ഉദ്യോഗസ്ഥർ ഉത്തരവുകൾ പാലിക്കുന്നില്ലെന്നും ഡൽഹി സർക്കാരിന്റെ വേദന പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നും മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി അറിയിച്ചു. വരുന്ന ആഴ്ചകളിൽ വിവിധ വിഷയങ്ങളിൽ ഏഴംഗ വിശാല ബെഞ്ച് വാദം കേൾക്കുന്ന സാഹചര്യം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. കേസ് ലിസ്റ്റ് ചെയ്യണമെന്ന ആവശ്യം പരിശോധിക്കാം. വാദമുഖങ്ങൾ നാലാഴ്‌ചയ്ക്കകം തയ്യാറാക്കണം. അതിനുശേഷം വിഷയം വീണ്ടും ശ്രദ്ധയിൽപ്പെടുത്താൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാനാണ് ജൂലായ് 20ന് ഹർജികൾ അഞ്ചംഗ ബെഞ്ചിന് വിട്ടത്. ഉദ്യോഗസ്ഥ നിയമനത്തിലും സ്ഥലംമാറ്രത്തിലും ഡൽഹി സർക്കാരിന്റെ അധികാരം എടുത്തുമാറ്റിയ നടപടിയെയാണ് അരവിന്ദ് കേജ്‌രിവാൾ സർക്കാർ ചോദ്യം ചെയ്യുന്നത്.