ഗുജറാത്തിൽ 5200 കോടിയുടെ പദ്ധതികൾക്ക് തുടക്കം സർക്കാർ പദ്ധതികളിലൂടെ പിന്നാക്കക്കാർ ഉയർന്നു:

Thursday 28 September 2023 12:00 AM IST

ന്യൂഡൽഹി: ഒരുകാലത്ത് എല്ലാം നഷ്ടപ്പെട്ടിരുന്ന ദളിതരും പിന്നാക്കക്കാരും ഗോത്രവർഗവും ഇന്ന് സർക്കാരിന്റെ വിവിധ പദ്ധതികളുടെ സഹായത്തോടെ വികസനത്തിന്റെ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സർക്കാർ ഗോത്രവർഗത്തിനുള്ള ബഡ്‌ജറ്റ് അഞ്ച് മടങ്ങ് വർദ്ധിപ്പിച്ചെന്നും പറഞ്ഞു. ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂരിലെ ബോഡേലിയിൽ 5200 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന "മികവിന്റെ വിദ്യാലയ ദൗത്യം’ പരിപാടിക്ക് കീഴിൽ 4500 കോടി രൂപയിലധികം രൂപയുടെ പദ്ധതികളും വിദ്യാ സമീക്ഷ കേന്ദ്ര 2.0’ന്റെ തറക്കല്ലിടലും മറ്റ് വിവിധ വികസന പദ്ധതികളും ഇതിലുൾപ്പെടുന്നു. ഗോത്രവർഗ മേഖലകളിലെ അമ്മമാരുടെയും സഹോദരിമാരുടെയും അവകാശങ്ങൾ ഉറപ്പാക്കാനാണ് ഈ മകൻ വന്നതെന്നും മോദി പറഞ്ഞു.

ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, സി.ആർ പാട്ടീൽ എം പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വഡോദരയിൽ നർമ്മദാ നദിക്ക് കുറുകെ നിർമ്മിച്ച പുതിയ പാലം, ചാബ് തലാവ് പുനർവികസന പദ്ധതി, ദാഹോദിലെ ജലവിതരണ പദ്ധതി, വഡോദരയിൽ സാമ്പത്തിക ദുർബലവിഭാഗങ്ങൾക്കായി പുതുതായി നിർമ്മിച്ച 400 വീടുകൾ, 7500 ഗ്രാമങ്ങളിൽ വില്ലേജ് വൈഫൈ പദ്ധതി, ദാഹോദിൽ പുതുതായി നിർമ്മിച്ച ജവഹർ നവോദയ വിദ്യാലയം ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ പരിപാടിയിൽ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.

ഛോട്ടാഉദേപൂരിൽ ജലവിതരണ പദ്ധതിയുടെ തറക്കല്ലിടൽ, പഞ്ച്മഹലിലെ ഗോധ്രയിൽ മേൽപ്പാലം, ദഹോദിൽ കേന്ദ്ര സർക്കാരിന്റെ ബ്രോഡ്കാസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് നെറ്റ്‌വർക്ക് ഡെവലപ്‌മെന്റ് (ബിൻഡ്) പദ്ധതിക്ക് കീഴിൽ എഫ്.എം. റേഡിയോ സ്റ്റുഡിയോ നിർമ്മിക്കുന്ന പദ്ധതി തുടങ്ങിയവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു.